വടക്കുപടിഞ്ഞാറൻ സിറിയയിലെ അബു ദുഹൂർ വ്യോമതാവളത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. തുർക്കി അതിർത്തിക്ക് സമീപമുള്ള വ്യോമതാവളത്തിലെ റൺവേയിലും സംഭരണ കേന്ദ്രത്തിലുമാണ് ആക്രമണം ഉണ്ടായത്. എട്ട് വ്യോമാക്രമണങ്ങൾ നടന്നതായാണ് സിറിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്യുന്നത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
അതിനിടെ, ഇസ്രയേലിന്റെ ആക്രമണത്തെ അമേരിക്ക അപൂർവമായ രീതിയിൽ വിമർശിച്ചു. ആക്രമണം അനാവശ്യമായ സംഘർഷം സൃഷ്ടിക്കുന്നതാണെന്നും മേഖലയിൽ സ്ഥിരത കൊണ്ടുവരാൻ ഇത് സഹായിക്കില്ലെന്നും യുഎസ് അംബാസഡർ ടോം ബരാക് പ്രതികരിച്ചു.
സിറിയ സുരക്ഷാ സ്ഥിതി ലംഘിക്കുന്നതിന്റെ വക്കിലായിരുന്നുവെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. അലപ്പോയ്ക്ക് സമീപമുള്ള ഒരു വ്യോമതാവളത്തിൽ തുർക്കി സൈന്യത്തെ വിന്യസിക്കാൻ സിറിയ അനുവദിച്ചെന്നും ഇസ്രയേൽ ആരോപിച്ചു. എന്നാൽ, അബു ദുഹൂർ വ്യോമതാവളത്തിലേക്ക് തങ്ങളുടെ സൈനികരെ അയച്ചിട്ടുണ്ടോ എന്ന കാര്യം തുർക്കി സ്ഥിരീകരിച്ചിട്ടില്ല. ഇസ്രയേലിന്റെ ആരോപണവും തുർക്കി തള്ളി.
സിറിയയുടെ പരമാധികാരത്തെയും പ്രദേശിക അഖണ്ഡതയെയും ലക്ഷ്യമിട്ടുള്ള നിയമവിരുദ്ധ ആക്രമണങ്ങളെ ന്യായീകരിക്കാനുള്ള ശ്രമമാണ് ഇസ്രയേലിന്റെ ആരോപണമെന്നാണ് തുർക്കിയുടെ പ്രതികരണം. അതേസമയം, ആക്രമണം പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും അപകടത്തിലാക്കുന്ന ന്യായീകരിക്കാനാകാത്ത നടപടിയാണെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു.
2013 മുതൽ അബു ദുഹൂർ വ്യോമതാവളം സൈനിക ഉപയോഗത്തിലുണ്ടായിരുന്നില്ല. 2024 ഡിസംബറിൽ ബഷാർ അൽ അസദിന്റെ സർക്കാരിനെ അട്ടിമറിച്ച വിമതസേനയാണ് വ്യോമതാവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. തുടർന്ന് തുർക്കിയുടെ സഹായത്തോടെ സിറിയ തകർന്ന സൈനിക കേന്ദ്രങ്ങൾ പുനർനിർമിക്കാനുള്ള ശ്രമത്തിലായിരുന്നു.
അസദ് പുറത്തായതിന് ശേഷം അധികാരത്തിലെത്തിയ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ ഇസ്രയേലുമായുള്ള സംഘർഷം കുറയ്ക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് യുഎസ് അംബാസഡർ ടോം ബരാക് പറഞ്ഞു. നിലവിലെ സംഘർഷങ്ങൾ പരിഹരിക്കാൻ ഇസ്രയേലും സിറിയയും തമ്മിൽ നയതന്ത്ര ചർച്ചകൾ നടത്താൻ അമേരിക്ക തുടർന്നും ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.