Loading time...
Global

അയർലണ്ടിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി തൊഴിൽ വകുപ്പിൻ്റെ റെയ്‌ഡുകൾ വ്യാപകം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 19 Aug 2026, 12:29 pm
Updated on: 19 Aug 2026, 12:29 pm
Share:
Follow Us: YouTube
Feature Image

അയർലണ്ടിൽ അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി തൊഴിൽ വകുപ്പിന്റെ പരിശോധനകൾ വ്യാപകമാകുന്നു. ഡബ്ലിൻ ഉൾപ്പെടെയുള്ള നഗരങ്ങളിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകൾ, എത്നിക് ഭക്ഷണശാലകൾ എന്നിവിടങ്ങളിലാണ് പരിശോധനകൾ കൂടുതലായി നടക്കുന്നത്.

 

താമസാനുമതിയുടെ കാലാവധി കഴിഞ്ഞവർ, വിദ്യാർത്ഥി വിസയിൽ അനുവദിച്ച ജോലി സമയപരിധി ലംഘിക്കുന്നവർ, വ്യാജ രേഖകൾ ഉപയോഗിക്കുന്നവർ എന്നിവരാണ് പരിശോധനകളിൽ പ്രധാനമായും പിടിയിലാകുന്നത്. തൊഴിൽ അനുമതി ലഭിക്കുന്നതിന് മുമ്പ് അഭയാർഥികൾ ഷോപ്പുകളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായുള്ള പരാതികളെ തുടർന്നാണ് പരിശോധനകൾ ശക്തമാക്കിയത്. എന്നാൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും നിയമപരമായി അയർലണ്ടിലെത്തിയ ശേഷം വിവിധ കാരണങ്ങളാൽ പെർമിറ്റുകൾ പുതുക്കാൻ കഴിയാത്തവരാണെന്നാണ് വിവരം.

 

അഭയാർഥികൾക്ക് തൊഴിൽ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ജോലി കണ്ടെത്താൻ സഹായിക്കുന്ന സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. കുറഞ്ഞ കൂലിയിൽ ജോലി ചെയ്യാൻ ഇവർ തയ്യാറാകുന്നതായും പരാതികളുണ്ട്. ഇതുമൂലം എക്കണോമിക് കുടിയേറ്റക്കാർക്കും വിദ്യാർത്ഥികൾക്കും ലഭിക്കേണ്ട ജോലി അവസരങ്ങൾ അഭയാർഥികൾ തട്ടിയെടുക്കുന്നതായും ആരോപണമുണ്ട്.

 

പിടിയിലാകുന്നവർക്ക് വിശദമായ ചോദ്യം ചെയ്യലും ഇമ്മിഗ്രേഷൻ പരിശോധനയും ഉണ്ടാകും. വിസാനുമതി ഇല്ലാത്തവരെ തടങ്കലിലാക്കി നാടുകടത്താനും നടപടിയുണ്ടാകും. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യുമെന്ന് എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.

 

ഭക്ഷ്യമേഖലയിലാണ് ഇത്തരം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. പ്രത്യേകിച്ച് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് പരിശോധനകളിൽ അധികമായി പിടിയിലാകുന്നത്.

 

റെയ്‌ഡുകൾ തുടരുമെന്നും അയർലണ്ടിലെ തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും തൊഴിൽ വകുപ്പ് അറിയിച്ചു. അനധികൃത തൊഴിൽ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കടുത്ത നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.