സൈനിക യുദ്ധത്തിന് പകരം ഇറാനുമേൽ കൂടുതൽ കടുപ്പത്തിലുള്ള സാമ്പത്തിക യുദ്ധം തുടങ്ങാൻ അമേരിക്ക ഒരുങ്ങുന്നു. ഇറാനെ വരിഞ്ഞുമുറുക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത കടുകട്ടി ആഘാതമായിരിക്കും ഇറാനുമേൽ അടിച്ചേൽപ്പിക്കുകയെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും മുന്നറിയിപ്പ് നൽകി. സാമ്പത്തിക യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ ക്രൂഡോയിൽ വില കുതിച്ചുയർന്നിരുന്നു. ബ്രെന്റ് ക്രൂഡ് വില ബാരലിന് 94 ഡോളർ ഭേദിച്ചെങ്കിലും ഇപ്പോൾ അൽപം താഴ്ന്ന് 93.75 ഡോളറായി. യുഎസ് ക്രൂഡ് വില 0.13% കുറഞ്ഞ് 86.72 ഡോളറും. അതേസമയം, കൂടുതൽ ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കം സാമ്പത്തിക ഭീകരവാദമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗി ആരോപിച്ചു. നിലവിലെ ഉപരോധങ്ങൾ ഇറാനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജിഡിപി വളർച്ചനിരക്ക് നെഗറ്റീവാണ്.
പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് പൊള്ളും വില. ഉരുളക്കിഴങ്ങിനും സവാളയ്ക്കും 40 ലക്ഷവും 60 ലക്ഷവും റിയാലാണ് വില. റീട്ടെയ്ൽ പണപ്പെരുപ്പം 80 ശതമാനത്തിലേക്ക് കത്തിക്കയറി ഭക്ഷ്യവിലപ്പെരുപ്പം എതാണ് സെഞ്ചറിയടിക്കാറായി. തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിനടുത്തും നിൽക്കുന്നു. എണ്ണ കയറ്റുമതിക്ക് അമേരിക്ക ഹോർമുസിൽ വിലങ്ങിട്ടതും ആഘാതമായി. എങ്കിലും ഏതാണ്ട് 150 കോടി ഡോളറിലേറെ വിലമതിക്കുന്ന എണ്ണ ഇപ്പോഴും ഹോർമുസിന് പുറത്തുണ്ടെന്നും അത് മുന്തിയപങ്കും ചൈന വാങ്ങുമെന്നതും ഇറാന് ചെറിയ ആശ്വാസമാണ്.
പാക്കിസ്ഥാൻ, തുർക്കി, റഷ്യ എന്നിവയുടെ സഹായത്തോടെ ഭക്ഷ്യലഭ്യത ഉറപ്പാക്കാനും കയറ്റുമതി പ്രതിസന്ധി തരണം ചെയ്യാനും ഇറാൻ ശ്രമിക്കുന്നുണ്ട്. കാസ്‌പിയൻ കടൽ, പാക്കിസ്ഥാനി തുറമുഖങ്ങൾ എന്നിവ പ്രയോജനപ്പെടുത്താനാണ് ഇറാന്റെ ശ്രമം.