Loading time...
Latest News

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 9:40 am
Updated on: 18 Aug 2026, 9:40 am
Share:
Follow Us: YouTube
Feature Image

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജാര്‍ഖണ്ഡിന് മുകളില്‍ തീവ്ര ന്യൂനമര്‍ദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് .ഇന്ന് കാസര്‍കോഡ്, കണ്ണൂര്‍, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട് .നാളെ തിരുവനന്തപുരം ജില്ലയില്‍ കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതല്‍ ഇടവ വരെയും ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെയും എറണാകുളത്ത് മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ മറുവക്കാട് വരെയും തൃശൂരില്‍ ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെയും തീരപ്രദേശങ്ങളില്‍ 0.9 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. മലപ്പുറത്ത് കടലുണ്ടി മുതല്‍ പാലപ്പാട്ടി വരെയും കോഴിക്കോട് ചോമ്പാല ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ രാമനാട്ടുകര വരെയും കണ്ണൂരില്‍ വളപട്ടണം- ന്യൂമാഹി, കാസര്‍കോട് കുഞ്ഞത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരയുമുള്ള തീരപ്രദേശങ്ങളിലും 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 1.3 മുതല്‍ 2.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും അറിയിച്ചിട്ടുണ്ട് .