Loading time...
Global

ഹോട്ടലിന് മുന്നിൽ യുഎഫ്സി താരങ്ങൾ തമ്മിൽ കൂട്ടയടി; അബുദാബിയിൽ പത്തുപേർ അറസ്റ്റിൽ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 13 Nov 2026, 6:07 am
Updated on: 13 Nov 2026, 6:10 am
Share:
Follow Us: YouTube
Feature Image

അബുദാബിയിൽ പ്രമുഖ യുഎഫ്സി താരങ്ങൾ തമ്മിൽ ഹോട്ടലിന് മുന്നിൽ ഏറ്റുമുട്ടൽ. റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ (ആർഎഫ്) കായികമാമാങ്കത്തിൽ പങ്കെടുക്കാനെത്തിയ താരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ടുപേരെയും ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ടുപേരെയും ഉൾപ്പെടെ പത്തുപേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. മുൻവൈരാഗ്യമാണ് ഏറ്റുമുട്ടലിന് പിന്നിലെന്നാണ് വിവരം. അറസ്റ്റിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച പൊലീസ് കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

 

പ്രമുഖ യുഎഫ്സി താരങ്ങളായ മെറാബ് ദ്വാലിഷ്വിലിയും ഉസ്മാൻ നൂർമഗോമദോവും തമ്മിലാണ് ഹോട്ടൽ പ്രവേശന കവാടത്തിൽ സംഘർഷമുണ്ടായത്. ശനിയാഴ്ച ബ്രസീലിയൻ താരം മാർലോൺ മൊറേസിനെതിരെ മത്സരിക്കാനാണ് ദ്വാലിഷ്വിലി അബുദാബിയിലെത്തിയത്. ഉമർ നൂർമഗോമദോവിനെ പിന്തുണയ്ക്കാനായി സഹോദരൻ ഉസ്മാനും സംഘവും നഗരത്തിലെത്തിയിരുന്നു. ഇതിനിടെയാണ് ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

 

ഉസ്മാനും സംഘവും പിന്നിലൂടെ വന്ന് സംസാരിച്ചശേഷം പെട്ടെന്ന് മുഖത്തടിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ ദ്വാലിഷ്വിലി ആരോപിച്ചു. മുഖത്ത് രക്തമൊലിക്കുന്ന നിലയിൽ ആശുപത്രിയിൽനിന്ന് പങ്കുവെച്ച വിഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എതിരാളികൾ ചതിയിലൂടെയാണ് ആക്രമിച്ചതെന്നും യഥാർഥ പോരാളികൾക്ക് ചേർന്ന രീതിയല്ല ഇവരുടേതെന്നും ദ്വാലിഷ്വിലി പറഞ്ഞു. പോരാടാൻ ധൈര്യമുണ്ടെങ്കിൽ നേർക്കുനേർ വരണമെന്നും താരം വെല്ലുവിളിച്ചു.

 

സംഘർഷവിവരം ലഭിച്ചതോടെ പ്രത്യേക പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി അക്രമത്തിൽ ഏർപ്പെട്ടവരെയും ദൃശ്യങ്ങൾ പകർത്തിയവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കായിക താരങ്ങളായാലും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിൽ പെരുമാറുന്നത് അനുവദിക്കില്ലെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി. ക്രമസമാധാനം തകർക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും നിയമങ്ങളും നിർദേശങ്ങളും പാലിച്ച് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .