ആഗ്രയിൽനിന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവരുന്നത്. ഈ മാസം അഞ്ചാം തീയതി... ചെന്നൈയിൽനിന്ന് ന്യൂഡൽഹിയിലേക്ക് പോയ തമിഴ്നാട് എക്സ്പ്രസിലാണ് രക്തംപോലുള്ള ദ്രാവകം ഒലിച്ചിറങ്ങുകയും ദുർഗന്ധം വമിക്കുകയും ചെയ്തിരുന്ന ചുവന്ന സ്യൂട്ട്കേസ് കണ്ടെത്തിയത്.
തലേന്ന് രാത്രി പത്ത് മണിക്ക് ചെന്നൈ സെൻട്രലിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഗ്വാളിയോറിലെത്തി. അപ്പോഴാണ് സ്യൂട്ട്കേസ് ഒരു യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. ബാഗിൽനിന്ന് പുറത്തുവന്ന ദുർഗന്ധമാണ് ഉറക്കത്തിലായിരുന്ന യാത്രക്കാരനെ സ്യൂട്ട്കേസ് ഇരുന്നിരുന്ന സ്ഥലത്തേക്ക് എത്തിച്ചത്. ജനറൽ കോച്ചിന്റെ പിൻഭാഗത്തായിരുന്നു ബാഗ് ഉണ്ടായിരുന്നത്.
സംശയം തോന്നിയ യാത്രക്കാരൻ റെയിൽവേ അധികൃതരെ വിവരമറിയിച്ചു. എന്നാൽ അധികൃതർ എത്തുമ്പോഴേക്കും ട്രെയിൻ ഗ്വാളിയോറിൽനിന്ന് പുറപ്പെട്ടിരുന്നു. തുടർന്ന് ഗ്വാളിയോർ പോലീസ് അടുത്ത സ്റ്റേഷനായ ആഗ്ര കന്റോൺമെന്റിൽ വിവരമറിയിച്ചു.
റെയിൽവേ പോലീസ് കമ്പാർട്ട്മെന്റിലെത്തി സ്യൂട്ട്കേസ് പരിശോധിച്ചു.
പോലീസ് സംശയിച്ചതുപോലെ, ബാഗിനുള്ളിൽ ഉണ്ടായിരുന്നത് ഒരു മനുഷ്യന്റെ ശരീരഭാഗങ്ങളായിരുന്നു. ശരീരഭാഗങ്ങൾ പല കഷണങ്ങളാക്കി പേപ്പറിൽ പൊതിഞ്ഞാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഈ കടലാസുകഷണങ്ങളിൽ ചെന്നൈയുമായി ബന്ധപ്പെട്ട ലോഗോ ഉണ്ടായിരുന്നതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് തീരുമാനിച്ചു.
തുടർന്ന് ആഗ്ര പോലീസിൽനിന്നുള്ള സംഘം ചെന്നൈയിലെത്തി. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ പോലീസിന് മുന്നിൽ കൂടുതൽ വിവരങ്ങൾ തെളിഞ്ഞു. അന്വേഷണം ചെന്നെത്തിയത് തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിലായിരുന്നു.
ചെന്നൈയിൽനിന്ന് 43 കിലോമീറ്റർ അകലെയുള്ള ഗുഡുവാഞ്ചേരിയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശിനി ഹൈദൂൻ നിഷയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 38 വയസ്സായിരുന്നു നിഷയ്ക്ക്. ട്രോളിബാഗിൽനിന്ന് ജീർണിച്ച നിലയിൽ കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ബാക്കി ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽനിന്നും വെള്ളിയാഴ്ച പോലീസ് കണ്ടെത്തി.
കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അസം സ്വദേശി മണിക് ഉദ്ദീൻ ലസ്കറിനും ഇയാളുടെ പങ്കാളിയായ ഒഡീഷ സ്വദേശി ഭഗവതി മാജിക്കുമായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഗുഡുവാഞ്ചേരി മോസ്‌ക് സ്ട്രീറ്റിലെ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അന്വേഷണത്തിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഈ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു വലിയ പാത്രത്തിൽ സൂക്ഷിച്ചിരുന്ന കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നിഷ ഇവർക്കൊപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നതെന്നാണ് വിവരം. ഇതിനിടെ, നിഷയും ലസ്കറും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചു. ഈ ബന്ധത്തെ എതിർത്തിരുന്ന നിഷയുടെ മകൻ അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് മാറിത്താമസിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ദിവസങ്ങളോളം അമ്മയെ കാണാതായതോടെ നിഷയുടെ മകൻ പോലീസിനെ സമീപിച്ചിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുഡുവാഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസും കൊല്ലപ്പെട്ടയാളെ കണ്ടെത്താൻ ആഗ്ര പോലീസിനെ സഹായിച്ചു.
വീട്ടിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങൾ നിഷയുടേതുതന്നെയാണോ എന്നും ആഗ്രയിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുമായി അവ പൊരുത്തപ്പെടുന്നുണ്ടോ എന്നും ഉറപ്പാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിലവിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെയും രൂപീകരിച്ചു.
അതിനിടെ, അന്വേഷണത്തിൽ മറ്റൊരു നിർണായക തെളിവും പോലീസിന് ലഭിച്ചു. ചെന്നൈ സെൻട്രൽ സ്റ്റേഷനിലൂടെ രണ്ടു പേർ ചുവന്ന സ്യൂട്ട്കേസ് തള്ളിക്കൊണ്ടുവരുന്നതും പിന്നീട് ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റിലേക്ക് കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തി. അതേസമയം, പ്രതികൾ ശരീരഭാഗങ്ങൾ പാകംചെയ്‌ത് ബിരിയാണിയുണ്ടാക്കാൻ ശ്രമിച്ചെന്ന തരത്തിലുള്ള വാർത്തകൾ ചില മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ ഇക്കാര്യം പോലീസ് നിഷേധിച്ചു.
സ്യൂട്ട്കേസിൽനിന്ന് കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ബാക്കി മുഴുവൻ പരിശോധന നടത്തിയ വീട്ടിൽനിന്ന് തന്നെയാണ് കണ്ടെത്തിയതെന്നാണ് പോലീസ് പറയുന്നത്. ചെന്നൈയിൽനിന്ന് പുറപ്പെട്ട ചുവന്ന സ്യൂട്ട്കേസ്... ഗ്വാളിയോറിലെത്തിയപ്പോൾ പുറത്തുവന്ന ദുർഗന്ധം... അവിടെനിന്ന് ആരംഭിച്ച അന്വേഷണം ചെന്നെത്തിയത് ഗുഡുവാഞ്ചേരിയിലെ ഒരു വീട്ടിൽ. ഇനി പോലീസിന് മുന്നിലുള്ള പ്രധാന ചോദ്യം... ഹൈദൂൻ നിഷയെ കൊലപ്പെടുത്തിയതെന്തിന്, ഒളിവിലുള്ള മണിക് ഉദ്ദീൻ ലസ്കറും ഭഗവതി മാജിയും എവിടെയാണ് എന്നതാണ്.