കണ്ണൂര്‍ സൈബര്‍ ക്രൈം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കണ്ണൂരില്‍ പൊലീസിനെ വെല്ലുവിളിച്ച് കുറ്റകൃത്യങ്ങളില്‍ തുടരുന്ന അര്‍ജുന്‍ ആയങ്കിക്കെതിരെ കഴിഞ്ഞ ദിവസമാണ് കാപ്പ ചുമത്തിയത് . കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാര്‍ശ അംഗീകരിച്ച് ജില്ലാ കളക്ടര്‍ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്. നിലവില്‍ ജയിലില്‍ കഴിയുന്ന ആയങ്കിക്ക് ജാമ്യം ലഭിച്ചാല്‍ വീണ്ടും ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നടപടി.
തുടര്‍ച്ചയായ ക്രിമിനല്‍ പശ്ചാത്തലമുള്ള അര്‍ജുന്‍ സമൂഹത്തിന് ഭീഷണിയാണെന്ന് കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. തുടര്‍നടപടികളുടെ ഭാഗമായി അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കും. നിലവില്‍ തലശ്ശേരി സബ് ജയിലില്‍ കഴിയുന്ന അര്‍ജുനെ കണ്ണൂര്‍ സെന്‍ട്രലിലേക്ക് മാറ്റാന്‍ പൊലീസ് ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും. ആഭ്യന്തര മന്ത്രിക്കും കോതമംഗലം സി.ഐക്കുമെതിരെ ഭീഷണി മുഴക്കിയതുള്‍പ്പെടെ നിരവധി കേസുകളാണ് ആയങ്കിക്കെതിരെയുള്ളത്. കണ്ണൂര്‍ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ വീട്ടില്‍ നിന്നാണ് നേരത്തെ ഇയാളെ കസ്റ്റഡിയിലെടുത്തത്.
കണ്ണൂര്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചെങ്കിലും, കാപ്പ ഉള്‍പ്പെടെ മറ്റ് കേസുകളില്‍ റിമാന്‍ഡിലായതിനാല്‍ അര്‍ജുന്‍ ആയങ്കിക്ക് പുറത്തിറങ്ങാനാവില്ല.