ഫുക്കറ്റില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ 300 അടി താഴ്ചയിലേക്ക് പെട്ടെന്ന് താഴേക്ക് പതിച്ച എയര്‍ ഇന്ത്യ വിമാനത്തിന്റെ നിയന്ത്രണം ആകാശത്തുവെച്ച് നാല് സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. എയര്‍ബസ് എ-320 നിയോ വിമാനത്തിന്റെ ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറിലെ വിവരങ്ങളുടെ പ്രാഥമിക പരിശോധനയിലാണ് ഇക്കര്യങ്ങള്‍ വ്യക്തമായത്.
വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം തകരാറിലായതാണ് നിയന്ത്രണം നഷ്ടടപ്പെടാന്‍ കാരണമായതെന്നാണ് ബ്ലാക്ക് ബോക്‌സ് വിവരങ്ങളുടെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. എലിവേറ്ററുകളും എയിലറണുകളും ഉള്‍പ്പെടെയുള്ള പ്രധാന നിയന്ത്രണ സംവിധാനങ്ങള്‍ 4 സെക്കന്‍ഡ് നേരത്തേക്ക് പൂര്‍ണമായും ഒരേസമയം പ്രവര്‍ത്തനരഹിതമായി എയര്‍ബസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനം അപകടകരമായ രീതിയില്‍ താഴാന്‍ തുടങ്ങിയതോടെ 'ഓട്ടോ പൈലറ്റ്' സംവിധാനം തനിയെ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് കോ-പൈലറ്റ് വിമാനത്തെ നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഹൈഡ്രോളിക് തകരാര്‍ കാരണം സാധിച്ചില്ല. സെക്കന്‍ഡുകള്‍ക്ക് ശേഷം ഹൈഡ്രോളിക് സംവിധാനങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമായതോടെയാണ് വലിയ അപകടം ഒഴിവായത്. എന്നാല്‍, വിമാനം പെട്ടെന്ന് താഴ്ന്നതിനെത്തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന പലര്‍ക്കും വിമാനത്തിന്റെ മേല്‍ക്കൂരയിലേക്ക് തെറിച്ചുവീണു പരിക്കേല്‍ക്കുകയായിരുന്നു. വിമാനത്തിലെ ഒരു പ്രഷര്‍ സെന്‍സറിന്റെ തകരാറാണ് ഹൈഡ്രോളിക് സംവിധാനങ്ങളെ ബാധിച്ചതെന്നാണ് എയര്‍ബസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇതിന് കൃത്യമായ കാരണം തിരിച്ചറിഞ്ഞിട്ടില്ല. എയര്‍ബസ് അന്തിമ ശുപാര്‍ശകളും പുറത്തിറക്കിയിട്ടില്ല. ഇന്ത്യയിലെ എ.എ.ഐ.ബിയും ഫ്രഞ്ച് അന്വേഷണ ഏജന്‍സിയായ ബി.ഇ.എയും സംഭവത്തില്‍ സംയുക്തമായി വിശദമായ അന്വേഷണം നടത്തിവരികയാണ്. അതേസമയം പൈലറ്റിന്റെ ലഹരി ഉപയോഗവും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതും തമ്മില്‍ ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണപരിധിയിലുണ്ട്. വിമാനത്തിന്റെ പൈലറ്റ് ഇന്‍ കമാന്‍ഡ് ആയ ക്യാപ്റ്റന്‍ സുദീപ് വസിഷ്ഠ പരിശോധനയില്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം നടത്തിയ രണ്ട് പരിശോധനകളിലും ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തി. പൈലറ്റ് വിമാനത്തില്‍വെച്ച് ലഹരി ഉപയോഗിച്ചിരുന്നതായി ഒരു ജീവനക്കാരന്‍ പരാതിയും നല്‍കിയിരുന്നു. സംഭവത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയിലെയും എയര്‍ ഇന്ത്യ എക്‌സ്പ്രസിലെയും മുഴുവന്‍ പൈലറ്റുമാരോടും ലഹരി പരിശോധനയ്ക്ക് വിധേയരാകാന്‍ എയര്‍ ഇന്ത്യ നിര്‍ദേശിച്ചിട്ടുണ്ട്.