Loading time...
Local

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ മൂന്ന് സുഹൃത്തുക്കൾക്കെതിരെയും കേസ്

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 12 Oct 2026, 9:37 am
Updated on: 12 Oct 2026, 9:37 am
Share:
Follow Us: YouTube
Feature Image

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിൽ കാർ ഓടിച്ചിരുന്ന സുഹൈൽ സജീവിന് പുറമെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേർക്കെതിരെയും പ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശി നിനവ്, അമീർ, ജോയൽ എന്നിവരാണ് കേസിൽ പ്രതികളായിരിക്കുന്നത്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിൽ വാഹനം ഓടിക്കാൻ സുഹൈലിനെ പ്രേരിപ്പിച്ചെന്നും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ലെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം.


അപകടം നടക്കുമ്പോൾ സുഹൈലിനൊപ്പം മിനി കൂപ്പറിൽ മൂന്ന് പേരാണുണ്ടായിരുന്നത്. സുഹൈലിന്റെ സുഹൃത്തായ നിനവായിരുന്നു മുൻസീറ്റിൽ. ബാറുകളിൽ കയറി സുഹൈൽ മദ്യപിച്ചപ്പോഴും നിനവ് ഒപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിലുള്ളത്. പിന്നീട് വിമാനത്താവള പരിസരത്തുവെച്ചാണ് നിനവിന്റെ സുഹൃത്തുക്കളായ അമീറും ജോയലും കാറിൽ കയറിയത്. നാലുപേരും ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.


അപകടത്തിനുശേഷം ഇവർ രക്ഷപ്പെടാൻ ശ്രമിച്ച വാഹനത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം, കാറോടിച്ചിരുന്ന സുഹൈൽ സജീവിനെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്നാണ് മരിച്ച ദേവികയുടെ കുടുംബത്തിന്റെ ആവശ്യം. മരിച്ച മൂന്ന് കുട്ടികളും കുടുംബത്തിന്റെ പ്രതീക്ഷകളായിരുന്നുവെന്നും ഒരാളുടെ പണത്തിന്റെ ഹുങ്കും മദ്യവും അമിതവേഗവും തങ്ങളുടെ ജീവിതം തകർത്തുവെന്നും കുടുംബം ആരോപിച്ചു. തങ്ങൾക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.


അതിനിടെ, സുഹൈൽ സജീവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടി പൂർത്തിയാക്കുമെന്ന് വകുപ്പ് അറിയിച്ചു. അപകടക്കേസിൽ കൂടുതൽ അന്വേഷണം തുടരുന്നതിനിടെയാണ് വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും കേസെടുത്തിരിക്കുന്നത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .