Loading time...
Latest News

വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു,നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യം.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 8:01 am
Updated on: 18 Aug 2026, 8:01 am
Share:
Follow Us: YouTube
Feature Image

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് ചരക്കു കയറ്റുമതി ചെയ്യാൻ സൗകര്യമൊരുക്കി വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ ഭൂപടത്തിൽ ഇടംപിടിക്കുന്നു.

 

വിഴിഞ്ഞത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടെ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് നേരിട്ട് ചരക്കുകയറ്റുമതി സാധ്യമാകും.

 

നിലവിൽ ഇന്ത്യയിലെ നവസേവ, മുന്ദ്ര തുറമുഖങ്ങളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നുമുള്ള ചരക്കുകൾ ഇപ്പോൾ കൊച്ചി, തൂത്തുക്കുടി തുറമുഖങ്ങൾ വഴി കൊളംബോയിൽ എത്തിച്ച ശേഷം അവിടെനിന്ന് ദുബായ്, സിംഗപ്പൂർ തുറമുഖങ്ങൾ വഴിയാണ് ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ എത്തിക്കാറുള്ളത്. കൊളംബോയിലേക്ക് പ്രധാനമായും ചരക്ക് എത്തിക്കുന്നത് തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തുനിന്നാണ്.

 

എന്നാൽ വിഴിഞ്ഞത്ത് കയറ്റുമതി യാഥാർഥ്യമാകുന്നതോടെ ചെറിയ കാർഗോ കപ്പലുകളിൽ ഇവിടെ ചരക്ക് എത്തിച്ച് മദർ ഷിപ്പുകളിൽ കയറ്റി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ കഴിയും. കിഴക്കു-പടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽപ്പാതയിൽനിന്ന് 10 നോട്ടിക്കൽ മൈൽ അകലെ മാത്രമാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത് എന്നത് ഇതിന്റെ സാധ്യതകൾ വർധിപ്പിക്കുന്നു.

 

സാധാരണഗതിയിൽ കൊച്ചിയിൽനിന്ന് കപ്പലിൽ കയറ്റുന്ന ഒരു കണ്ടെയ്‌നർ അമേരിക്കയിലെ ഒരു തുറമുഖത്ത്

 

എത്തണമെങ്കിൽ നിലവിൽ 80 ദിവസത്തോളം എടുക്കുമെന്ന് സീഫുഡ് എക്സ്‌പോർട്ടേഴ്സ് ജനറൽ സെക്രട്ടറിയും മുൻ ഐആർഎസ് ഉദ്യോഗസ്ഥനുമായ ഡോ. കെ എൻ രാഘവൻ ഇടിവി ഭാരതിനോട് പറഞ്ഞു. വിഴിഞ്ഞത്ത് കയറ്റുമതി സൗകര്യം എത്തുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തുന്ന മദർ ഷിപ്പുകളിൽ നേരിട്ട് ചരക്കുകൾ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാം. ഇത് ചരക്ക് എത്തുന്നതിനുള്ള ദിവസങ്ങളിൽ ഗണ്യമായ കുറവുണ്ടാക്കും. കാർഗോ ലക്ഷ്യസ്ഥാനത്ത് എത്തിയതിന് ശേഷം മാത്രമാണ് കയറ്റുമതിക്കാരന് അതിന്റെ പണം ലഭിക്കുക.