കോഴിക്കോട് തൃക്കൈപ്പറ്റ ക്ഷേത്രത്തിലും തൊണ്ടയാട് അഴകാ തൃക്കോവിൽ ക്ഷേത്രത്തിലും മോഷണം നടത്തിയ കേസിൽ 18കാരൻ ഉൾപ്പെടെ രണ്ടുപേരെ മെഡിക്കൽ കോളജ് പൊലീസ് പിടികൂടി. ചോലക്കൽ മീത്തൽ പ്രണവ് (18), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് പിടിയിലായത്.
ക്ഷേത്രങ്ങളുടെ പൂട്ടുകൾ തകർത്താണ് പ്രതികൾ അകത്ത് കടന്നിരുന്നത്. ഭണ്ഡാരങ്ങളിൽ സൂക്ഷിച്ചിരുന്ന പണത്തിനുപുറമെ ക്ഷേത്രം ഓഫിസുകളിൽനിന്നും പണം കവർന്നതായി പൊലീസ് അറിയിച്ചു.
രാത്രിയിലാണ് പ്രതികൾ മോഷണത്തിനായി ക്ഷേത്രങ്ങളിലെത്തിയിരുന്നത്. നമ്പർ പ്ലേറ്റ് മറച്ച ഇരുചക്രവാഹനങ്ങളിലായിരുന്നു യാത്ര. മോഷണം നടത്തിയശേഷം മറ്റൊരു സ്ഥലത്ത് തങ്ങി നേരം പുലർന്നതിന് ശേഷം മടങ്ങുകയായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി.
ലഹരി ഉപയോഗത്തിനും ആഡംബര ജീവിതത്തിനുമുള്ള പണം കണ്ടെത്തുന്നതിനായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.
മെഡിക്കൽ കോളജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ് പി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ റഷീദ് കെ.വി., സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഗോകുൽ പ്രകാശ്, രാഗേഷ് ടി. പ്രേമൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മെഡിക്കൽ കോളജ് എസ്എച്ച്ഒ ബൈജു കെ. ജോസ്, എസ്ഐ രമേശൻ തെക്കേടത്ത്, എഎസ്ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർ അഖിൽ എന്നിവരും അന്വേഷണസംഘത്തിന്റെ ഭാഗമായിരുന്നു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .