Loading time...
Global

റാസൽഖൈമ വാഹനാപകടം; മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 25 Nov 2026, 5:23 am
Updated on: 25 Nov 2026, 5:23 am
Share:
Follow Us: YouTube
Feature Image

യുഎഇയിലെ റാസൽഖൈമയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. തലശ്ശേരി സ്വദേശിനി സങ്കീർത്ത സുരേഷിനെയും മട്ടന്നൂർ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്. എന്നാൽ മട്ടന്നൂർ സ്വദേശിയുടെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാറിനെയും ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

 

കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ആകെ 13 പേരാണ് മരിച്ചത്. ഇവരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. ഒമാനിൽ വിസ പുതുക്കിയ ശേഷം യുഎഇയിലേക്ക് മടങ്ങുകയായിരുന്ന 41 പ്രവാസികൾ സഞ്ചരിച്ച ബസ് തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിനിടെ പിന്നിൽ നിന്നെത്തിയ ചരക്കുവാഹനം ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ മറ്റ് രണ്ട് പേർ ഫിലിപ്പീൻസ്, ശ്രീലങ്ക സ്വദേശികളാണ്.

 

അപകടത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. ഇവരിൽ 12 പേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവർ ആശുപത്രികളിൽ ചികിത്സ തുടരുകയാണ്.

 

ദുരന്തത്തിൽപ്പെട്ട ഇന്ത്യക്കാരുടെ വിവരങ്ങൾ അറിയുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്.

 

സഹായം ആവശ്യമുള്ളവർക്ക് 800 463442 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനും പരിക്കേറ്റവർക്ക് ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുമുള്ള നടപടികൾ തുടരുകയാണ്.