കിഫ്‌ബി നിർത്തലാക്കുന്നത് കേരളത്തിന് കനത്ത ആഘാതമാകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ബജറ്റിലെ പണം കൊണ്ട് മാത്രം പശ്ചാത്തല വികസന പദ്ധതികൾ നടക്കില്ലെന്നും, കിഫ്ബി ഇല്ലാതായാൽ സംസ്ഥാന സർക്കാരിന്റെ പ്രോജക്ടുകൾ പ്രതിസന്ധിയിലാകുമെന്നും തോമസ് ഐസക് പറഞ്ഞു. പ്രഖ്യാപിച്ച പദ്ധതികളിൽ പകുതി പോലും ഇനി നടപ്പിലാകില്ല. കിഫ്ബിയുടെ വിശ്വാസ്യത സർക്കാർ തന്നെ തകർത്തു എന്നാണ് തോമസ് ഐസക്കിന്റെ വിമർശനം.
വായ്പയെടുക്കുന്നതിലെ സാങ്കേതിക പരിമിതി മറികടക്കാനാണ് കിഫ്ബി രൂപീകരിച്ചത്. ഇന്ന് കിഫ്ബിയിൽ മുപ്പതിനായിരം കോടി രൂപ ക്യാഷായും ഡെപ്പോസിറ്റായും ഉണ്ട്. അതാണ് വി ഡി സതീശൻ ലക്ഷ്യമിടുന്നതെന്നും, കിഫ്ബി പദ്ധതികളിൽ അഴിമതി ഉണ്ടെങ്കിൽ ഏത് അന്വേഷണവും നടക്കട്ടെ എന്നും മുൻ ധനമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, കിഫ്ബിയിൽ സമഗ്ര പൊളിച്ചെഴുത്ത് നിർദേശിക്കുന്ന വിദഗ്ധ സമിതി റിപ്പോർട്ട് നിയമസഭയിൽ വെച്ചു. കിഫ്ബി ഈ രീതിയിൽ തുടരേണ്ടതില്ലെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കിഫ്ബി സർക്കാരിന് വൻ ബാധ്യതയാണെന്നും റിപ്പോർട്ട് പറയുന്നു.
കണ്ണൂരിൽ ഭൂമി വിലയുടെ അഞ്ചിരട്ടി നൽകി 3829 ഏക്കർ 9572 കോടി രൂപയ്ക്ക് ഏറ്റെടുത്തതിൽ ഉൾപ്പെടെ ഗുരുതര ക്രമക്കേടുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. കടമെടുപ്പ് അവസാനിപ്പിക്കാനും തുടരുന്ന പദ്ധതികളിൽ സമഗ്ര പരിശോധന നടത്താനുമാണ് വിദഗ്ധ സമിതിയുടെ പ്രധാന ശുപാർശ.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .