ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വാണിജ്യ വിമാനത്തിലാണ് അപ്രതീക്ഷിതമായി അടിയന്തര സിഗ്നൽ ലഭിച്ചത്. സൗദി അറേബ്യൻ വ്യോമപരിധിക്ക് മുകളിലൂടെ പറക്കുന്നതിനിടെയായിരുന്നു സംഭവം. ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ പ്രകാരം ആദ്യം അന്താരാഷ്ട്ര അടിയന്തര സിഗ്നലായ 7700 കോഡ് വിമാനത്തിൽ നിന്ന് ലഭിച്ചു. പിന്നാലെ 7500 കോഡും സജീവമായി. ഹൈജാക്ക് അല്ലെങ്കിൽ നിയമവിരുദ്ധ ഇടപെടലാണ് 7500 കോഡ് സൂചിപ്പിക്കുന്നത്.
ഇതോടെയാണ് സുരക്ഷാ മുന്നൊരുക്കങ്ങൾ ശക്തമാക്കിയത്. ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഫ്‌ളൈദുബായ് വിമാനത്തിന് സമീപത്തേക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെയും നേതൃത്വത്തിൽ അടിയന്തര സുരക്ഷാ കൂടിയാലോചനകളും നടന്നു.
ഏകദേശം 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പിന്നീട് വിമാനം സൗദിയിലെ തബൂക്ക് മേഖലയ്ക്ക് സമീപം എത്തിയതായും അടിയന്തര കോഡ് റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്. വിമാനത്തിന്റെ സിഗ്നൽ പിന്നീട് ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകളിൽ കാണാതാവുകയും ചെയ്തു.
എന്നാൽ വിമാനത്തിൽ ഹൈജാക്ക് നടന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാങ്കേതിക തകരാറാകാം സംഭവത്തിന് പിന്നിലെന്നും പൈലറ്റുമാർ തമ്മിലുള്ള തർക്കമാണ് അടിയന്തര സിഗ്നലിന് കാരണമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .