ലണ്ടനിൽ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം പറക്കുന്നതിനിടെ അടിയന്തര സാഹചര്യം. അയർലൻഡിന് മുകളിൽ വച്ച് വിമാനം 37,000 അടിയിൽ നിന്ന് ഏകദേശം 9,000 അടിയിലേക്ക് അതിവേഗം താഴ്ന്നതിനെ തുടർന്നാണ് എമർജൻസി കോഡ് പ്രഖ്യാപിച്ചത്.
ബി.എ 295 എന്ന വിമാനമാണ് അപകടസാഹചര്യത്തിലായത്. അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന 7700 കോഡ് പൈലറ്റുമാർ എയർ ട്രാഫിക് കൺട്രോളിലേക്ക് കൈമാറി.
വിമാനത്തിലുണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്നാണ് അതിവേഗം താഴേക്ക് ഇറങ്ങേണ്ടി വന്നതെന്നാണ് ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചത്. യാത്രയ്ക്കിടെ ഓക്സിജൻ മാസ്കുകളും പുറത്തുവന്നതായി റിപ്പോർട്ടുകളുണ്ട്.
അയർലൻഡിന് മുകളിൽ വച്ച് ദിശ മാറ്റിയ വിമാനം പിന്നീട് ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങി. ഇന്ധനം കുറയ്ക്കുന്നതിനായി കുറച്ചുസമയം ആകാശത്ത് ചുറ്റിപ്പറന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ഹീത്രോയിൽ ലാൻഡ് ചെയ്തത്.
വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സാധാരണ രീതിയിൽ പുറത്തിറക്കിയെന്നും എല്ലാവരുടെയും യാത്ര പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും ബ്രിട്ടീഷ് എയർവേയ്‌സ് അറിയിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .