Loading time...
Business

സ്കോർപിയോയുടെ കരുത്തുമായി പുതിയ പിക്കപ്പ്; മഹീന്ദ്ര ലൈഫ്‌സ്‌റ്റൈലർ വിപണിയിലേക്ക്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 18 Aug 2026, 9:56 am
Updated on: 18 Aug 2026, 9:56 am
Share:
Follow Us: YouTube
Feature Image

ഇന്ത്യൻ വിപണിയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ലൈഫ്‌സ്‌റ്റൈൽ പിക്കപ്പ് ട്രക്കുമായി മഹീന്ദ്ര. സ്കോർപിയോ ലൈഫ്‌സ്‌റ്റൈലർ എന്ന പേരിലുള്ള പുതിയ പിക്കപ്പ് ട്രക്ക് മഹീന്ദ്ര പ്രദർശിപ്പിച്ചു. അടുത്ത വർഷം ഏപ്രിലിൽ വിപണിയിലെത്തുന്ന വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് 19.79 ലക്ഷം രൂപയിലാണ്. ടൊയോട്ട ഹൈലക്സ്, ഇസൂസു ഡി-മാക്‌സ് വി-ക്രോസ് എന്നിവയായിരിക്കും പ്രധാന എതിരാളികൾ. ഇവയുടെ പ്രാരംഭ വില 25 ലക്ഷത്തിന് മുകളിലായിരിക്കെയാണ് മഹീന്ദ്രയുടെ പുതിയ മോഡൽ എത്തുന്നത്.

 

2023-ൽ മഹീന്ദ്ര അവതരിപ്പിച്ച ‘ഗ്ലോബൽ പിക് അപ്’ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് സ്കോർപിയോ ലൈഫ്‌സ്‌റ്റൈലർ ഒരുക്കിയിരിക്കുന്നത്. സ്കോർപിയോ എൻ എസ്‌യുവിയുടെ ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിർമാണം.

 

കരുത്തുറ്റ രൂപമാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. എൽ ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, പ്രൊജക്‌ടർ ഹെഡ്‌ലാംപ്, ബോണറ്റിനോട് ചേർന്നുള്ള സ്കോർപിയോ ബാഡ്‌ജിങ്, മഹീന്ദ്ര ലോഗോ പതിപ്പിച്ച വീതിയേറിയ ക്രോം ഫിനിഷുള്ള ഹണികോംബ് ഗ്രിൽ, സ്കിഡ് പ്ലേറ്റ്, വെർട്ടിക്കലി അലൈൻഡ് ഫോഗ്‌ലാംപ് എന്നിവ മുൻഭാഗത്തുണ്ട്.

 

ഡബിൾ ക്യാബ് കോൺഫിഗറേഷനിലുള്ള വാഹനത്തിന് വലിയ വീൽ ആർച്ചുകളും ബ്ലാക്ക് ക്ലാഡിങ്ങുകളും ഡ്യുവൽ ടോൺ അലോയ് വീലുകളും റൂഫ് റെയിലുകളും നൽകിയിട്ടുണ്ട്. പിന്നിൽ വലിയ കാർഗോ ബെഡ്, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, വലിയ അക്ഷരങ്ങളിൽ മഹീന്ദ്ര എന്ന് രേഖപ്പെടുത്തിയ ടെയിൽഗേറ്റ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

 

പുറംകാഴ്ചയിൽ പരുക്കൻ ഭാവമാണെങ്കിലും ഇന്റീരിയറിൽ ആധുനിക സൗകര്യങ്ങളാണ് നൽകിയിരിക്കുന്നത്. പോർട്രെയ്‌റ്റ് ശൈലിയിലുള്ള വലിയ വെർട്ടിക്കൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇരുവശത്തുമുള്ള എസി വെന്റുകൾ, താഴെയായി എസി കൺട്രോൾ സ്വിച്ചുകൾ എന്നിവയുണ്ട്. ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ത്രീ-സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ടെറൈൻ മോഡുകൾ, കണക്റ്റഡ് കാർ ടെക്‌നോളജി എന്നിവയും ലഭിക്കും.

 

വാലി, റീഫ്, ട്രെയിൽ എന്നിങ്ങനെ മൂന്ന് പ്രത്യേക പതിപ്പുകളിലും സ്കോർപിയോ ലൈഫ്‌സ്‌റ്റൈലർ ലഭ്യമാകും. അർട്ടിമിസ് ഗ്രേ, അക്വാറീഫ്, സഹാറ ബീജ് എന്നിവയാണ് ഈ പതിപ്പുകളിലെ നിറങ്ങൾ.

 

സ്കോർപിയോ എൻ എസ്‌യുവിയിൽ ഉപയോഗിക്കുന്ന എൻജിനുകൾ തന്നെയാണ് ലൈഫ്‌സ്‌റ്റൈലറിലും പ്രതീക്ഷിക്കുന്നത്. 175 ബിഎച്ച്പി കരുത്തുള്ള 2.2 ലീറ്റർ എംഹോക്ക് ഡീസൽ എൻജിനും 203 ബിഎച്ച്പിയുള്ള 2 ലീറ്റർ ടർബോ പെട്രോൾ എൻജിനുമാണ് വാഹനത്തിലുണ്ടാകുക. 6-സ്‌പീഡ് മാനുവൽ, 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും മഹീന്ദ്രയുടെ ഫോർ-വീൽ ഡ്രൈവ് സംവിധാനവും വാഹനത്തിലുണ്ടാകും.

 

ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ വിദേശ വിപണികളിലേക്കും സ്കോർപിയോ ലൈഫ്‌സ്‌റ്റൈലർ എത്തും. രാജ്യാന്തര വിപണിയിൽ ‘ലൈഫ്‌സ്‌റ്റൈലർ’ എന്ന പേരിലായിരിക്കും പിക്കപ്പ് ട്രക്ക് അറിയപ്പെടുക.