വീണാ ജോർജിനെതിരായ അക്രമക്കേസിൽ തന്‍റെ പേരിൽ രേഖപ്പെടുത്തിയ മൊഴി കൃത്രിമമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്‌ഐ ദീപ്തി. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) നൽകിയ മൊഴിയിലാണ് ദീപ്തി ഇക്കാര്യം വ്യക്തമാക്കിയത്.
കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന തരത്തിൽ തന്‍റെ പേരിൽ തെറ്റായ മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തിയുടെ ആരോപണം. ആദ്യ അന്വേഷണ സംഘം തന്‍റെ മൊഴിയെടുത്തിട്ടില്ലെന്നും അവർ എസ്‌ഐടിയെ അറിയിച്ചു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി.
അതേസമയം, കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണത്തിൽ വീണാ ജോർജിന്‍റെ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് സൂചന. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിലാഷ് ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്.
എന്നാൽ, എസ്‌ഐടിക്ക് മുന്നിൽ നൽകിയ മൊഴിയിൽ അഭിലാഷ് നിലപാട് തിരുത്തി. ആയുധങ്ങൾ ഉപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ഇയാൾ അന്വേഷണ സംഘത്തെ അറിയിച്ചത്. വീണാ ജോർജിന്‍റെ നിർദേശപ്രകാരമാണ് നേരത്തേ തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് വെളിപ്പെടുത്തിയതായാണ് വിവരം. മൊഴിമാറ്റത്തെ ഗൗരവത്തോടെയാണ് എസ്‌ഐടി കാണുന്നത്. സംഭവത്തിൽ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎയും രംഗത്തെത്തിയിട്ടുണ്ട്.
അതിനിടെ, കേസിൽ പ്രതികളായ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പ്രവർത്തകരുടെയും മൊഴി എസ്‌ഐടി രേഖപ്പെടുത്തി. എസ്‌ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. ഗൺമാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്‌പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. കേസിന്റെ ആദ്യഘട്ട അന്വേഷണത്തിൽ വീഴ്ചകൾ സംഭവിച്ചതായാണ് എസ്‌ഐടിയുടെ പ്രാഥമിക കണ്ടെത്തൽ
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .