ജർമനിയിലുടനീളം നാനൂറ്റമ്പതിലധികം സ്‌കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി. രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ സ്‌കൂളുകൾക്ക് ഒരേ ഉള്ളടക്കമുള്ള ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചത്. ഫ്രൈബുർഗ് പൊലീസ് 450ലധികം സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം ലഭിച്ചതായി സ്ഥിരീകരിച്ചു. 'മരണം നിങ്ങളെ കാത്തിരിക്കുന്നു' എന്ന സബ്ജക്ട് ലൈനോടെയായിരുന്നു ഇമെയിലുകൾ എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
തുടർന്ന് സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ജെസ്വിഗ്-ഹോൾസ്റ്റൈനിലെ ചില സ്കൂളുകളിൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചു. ചില സ്ഥലങ്ങളിൽ അധ്യാപകരെയും വിദ്യാർഥികളെയും കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും ചില കുട്ടികളെ രാവിലെ തന്നെ വീടുകളിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അതേസമയം, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ഭീഷണി സന്ദേശങ്ങൾക്ക് പിന്നിൽ യഥാർഥ സ്ഫോടകവസ്തുക്കൾ ഉണ്ടാകാൻ സാധ്യത കുറവാണെന്നും എല്ലാ സ്‌കൂളുകളും ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും തൂരിംഗിയ പൊലീസ് അറിയിച്ചു. എങ്കിലും സ്‌കൂളുകൾക്ക് സമീപം പട്രോളിങ്ങും സുരക്ഷാ പരിശോധനകളും ശക്‌തമാക്കിയിട്ടുണ്ട്.
പൊതുസമാധാനം തകർക്കാനുള്ള ശ്രമം എന്ന നിലയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള സൈബർ പരിശോധനകളും പുരോഗമിക്കുകയാണ്. ജർമനിക്ക് പുറമേ തിങ്കളാഴ്‌ച ഡെന്മാർക്കിലെ നിരവധി സ്‌കൂളുകൾക്കും സമാനമായ ഇമെയിൽ ഭീഷണികൾ ലഭിച്ചു.
ഈ മാസം ആദ്യം ഇറ്റലിയിലെ നിരവധി സ്‌കൂളുകൾക്കും യൂറോപ്പിലെ ചില വിമാനത്താവളങ്ങൾക്കും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. ജർമനിയിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള മാതാപിതാക്കൾ സ്‌കൂൾ അധികൃതരുടെയും പ്രാദേശിക പൊലീസിന്റെയും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പിന്തുടരണമെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.