Loading time...
Global

യുക്രെയ്‌ന് കൂടുതൽ ഇന്റർസെപ്റ്റർ മിസൈലുകൾ നൽകുമെന്ന് ഫ്രാൻസ്.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 23 Aug 2026, 8:21 am
Updated on: 23 Aug 2026, 8:21 am
Share:
Follow Us: YouTube
Feature Image

യുക്രെയ്‌ന്റെ വ്യോമപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി കൂടുതൽ ഇന്റർസെപ്റ്റർ മിസൈലുകൾ നൽകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പ്രഖ്യാപിച്ചു. സെൻട്രൽ യുക്രെയ്‌നിലെ ക്രീവയി റിഹ് നഗരത്തിലെ ഷോപ്പിങ് സെന്ററിന് നേരെ റഷ്യ നടത്തിയ കനത്ത ആക്രമണത്തിന് പിന്നാലെയാണ് ഫ്രാൻസിന്റെ ഈ പ്രഖ്യാപനം.

വെള്ളിയാഴ്ച ക്രീവയി റിഹിൽ റഷ്യ നടത്തിയ ഇരട്ട ഡ്രോൺ ആക്രമണത്തിൽ 23 കുട്ടികളടക്കം 130 പേർക്ക് പരുക്കേൽക്കുകയും 16 പേർ കൊല്ലപ്പെടുകയും ചെയ്തതായി യുക്രെയ്ൻ സ്ഥിരീകരിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കിയുടെ ജന്മസ്ഥലമായ നഗരത്തിലാണ് പകൽ സമയത്ത് ദാരുണമായ ആക്രമണം നടന്നത്.

ആക്രമണത്തെ യൂറോപ്യൻ യൂണിയൻ നയതന്ത്രജ്ഞ കാജ കല്ലാസ് അടക്കമുള്ള ലോക നേതാക്കൾ ശക്തമായി അപലപിച്ചു. ദുരന്തത്തിന് പിന്നാലെ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചതായും സംഭവത്തിലുള്ള നടുക്കവും ആശങ്കയും അറിയിച്ചതായും മക്രോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ കുറിച്ചു.

യുക്രെയ്‌ന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിനും അധിനിവേശത്തെ ചെറുക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്നും മക്രോ വ്യക്തമാക്കി.
ഇന്റർസെപ്റ്റർ മിസൈലുകൾ ഉൾപ്പെടെ ഫ്രാൻസിന്റെ പിന്തുണ വർധിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, വ്യോമപ്രതിരോധ സംവിധാനങ്ങൾ, സാമ്പത്തിക സഹായം, വാഷിങ്ടനുമായുള്ള ബന്ധം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രണ്ടു മണിക്കൂറോളം ചർച്ച നടത്തിയതായി സെലെൻസ്‌കിയും വ്യക്തമാക്കി.
പുതിയ ഫ്രഞ്ച് ആയുധങ്ങളുടെയും മിസൈലുകളുടെയും വിതരണം വേഗത്തിലാക്കാൻ ധാരണയായെന്നും അദ്ദേഹം പറഞ്ഞു.

മിസൈൽ ഉൽപാദനത്തിനുള്ള ലൈസൻസ് കൈമാറാൻ ഫ്രാൻസ് സന്നദ്ധത അറിയിച്ചതായും സെലെൻസ്‌കി കൂട്ടിച്ചേർത്തു. ക്രീവയി റിഹിലെ ആക്രമണത്തിന് പിന്നാലെ യുക്രെയ്‌ന് കൂടുതൽ വ്യോമപ്രതിരോധ സഹായം നൽകാനുള്ള ഫ്രാൻസിന്റെ തീരുമാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.