ഇറാനെതിരായ സൈനിക-സാമ്പത്തിക സമ്മർദം ശക്തമായി തുടരാനാണ് അമേരിക്കയുടെ നീക്കം. ഇതിന്റെ ഭാഗമായി മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനൊപ്പം 10,000 സൈനികരെയും പശ്ചിമേഷ്യയിലേക്ക് അയയ്ക്കാൻ യുഎസ് തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിൽ അമേരിക്കയുടെ സൈനിക സാന്നിധ്യം കൂടുതൽ ശക്തമാകും.
യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയാകുന്ന നവംബർ അവസാനത്തോടെ വിമാനവാഹിനിക്കപ്പലും സൈനികരും നിരവധി യുദ്ധവിമാനങ്ങളും പശ്ചിമേഷ്യയിലെത്തുമെന്നാണ് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇറാനെതിരായ യുഎസ് നീക്കങ്ങൾ കൂടുതൽ ശക്തമാകാനുള്ള സാധ്യതയും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
യുഎസ്എസ് തിയോഡോർ റൂസ്‍വെൽറ്റ് വിമാനവാഹിനിക്കപ്പൽ സാൻ ഡിയാഗോയിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് യാത്ര തിരിച്ചതായും റിപ്പോർട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇറാനിലെ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്കും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ന്യൂയോർക്കിലും ഖത്തർ, പാകിസ്ഥാൻ എന്നിവരുടെ മധ്യസ്ഥതയിലും നടന്ന പരോക്ഷ ചർച്ചകൾ ഫലം കാണാതെ പോയതായാണ് റിപ്പോർട്ടുകൾ. പുതിയ സൈനിക നീക്കം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അമേരിക്കയുടെ പുതിയ സൈനിക നീക്കത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആഗോള എണ്ണവിപണിയിലും ചലനമുണ്ടായി. ബ്രെന്റ് ക്രൂഡ് വില 4.37 ശതമാനം ഉയർന്ന് ബാരലിന് 102.3 ഡോളറിലെത്തി. കഴിഞ്ഞ ദിവസം വില 97 ഡോളർ വരെ താഴ്ന്നിരുന്നു. അമേരിക്കൻ ക്രൂഡ് ആയ ഡബ്ല്യുടിഐയുടെ വിലയും ഉയർന്ന് ബാരലിന് 93 ഡോളറിലെത്തി.
ഇതിനിടെ ചൈനയുടെ പുതിയ തീരുമാനവും എണ്ണവിപണിയിലെ ആശങ്ക വർധിപ്പിച്ചു. ഒക്ടോബറിൽ പെട്രോളിയം കയറ്റുമതി ഒഴിവാക്കാൻ ചൈനീസ് എണ്ണക്കമ്പനികൾ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനായാണ് നടപടി. ഇറാൻ സംഘർഷത്തിനും റഷ്യ–യുക്രെയ്ൻ യുദ്ധത്തിനും പിന്നാലെ ആഗോള ഡീസൽ ലഭ്യതയിൽ സമ്മർദം തുടരുന്നതിനിടെയാണ് ചൈനയുടെ തീരുമാനം.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .