Loading time...
Global

ഭീകരവാദം പ്രധാന വിഷയം;അമേരിക്ക-പാക് ബന്ധത്തിൽ പരോക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Sep 2026, 4:37 am
Updated on: 30 Sep 2026, 4:40 am
Share:
Follow Us: YouTube
Feature Image

അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ സുരക്ഷാ താൽപര്യങ്ങൾ അവഗണിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.

 

അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകൾ അമേരിക്ക വേണ്ടത്ര മനസ്സിലാക്കാത്തത് ഇരുരാജ്യങ്ങളുടെയും ബന്ധത്തെ ബാധിച്ചേക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂയോർക്കിലെ ഏഷ്യ സൊസൈറ്റി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിയിലായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

 

പാകിസ്താന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ജയശങ്കറിന്റെ പരാമർശം. പതിറ്റാണ്ടുകളായി അയൽരാജ്യത്തിൽ നിന്നുള്ള ഭീകരവാദം ഇന്ത്യ നേരിടുന്നുണ്ടെന്നും, രാജ്യത്തിന്റെ പ്രധാന ആശങ്കകളിലൊന്നാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു വിഷയത്തിൽ പങ്കാളി രാജ്യത്തിന് മതിയായ ധാരണയോ അംഗീകാരമോ സഹാനുഭൂതിയോ ഇല്ലെങ്കിൽ അത് ഉഭയകക്ഷി ബന്ധത്തിൽ പ്രതിഫലിക്കുമെന്നും ജയശങ്കർ വ്യക്തമാക്കി.

 

അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിൽ അടുത്തിടെ ഉണ്ടായ അടുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ജയശങ്കറിന്റെ പരാമർശം. ഇന്ത്യ-യുഎസ് ബന്ധത്തിൽ ഭീകരവാദത്തിന് പുറമെ വ്യാപാര ചർച്ചകൾ, താരിഫ് സംബന്ധമായ തർക്കങ്ങൾ, റഷ്യൻ എണ്ണ ഇറക്കുമതി തുടങ്ങിയ വിഷയങ്ങളും വെല്ലുവിളികളായി തുടരുന്നുണ്ട്.

 

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചും ജയശങ്കർ പ്രതികരിച്ചു. ചർച്ചകളിൽ ഇരു രാജ്യങ്ങളും കരാറിനെ സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയിട്ടുണ്ടെങ്കിലും, വിവിധ വിഷയങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ബന്ധം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ നിലവിലുള്ള പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കേണ്ടതുണ്ടെന്നും ജയശങ്കർ പറഞ്ഞു.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .