സ്വീഡനിലെ സ്‌കൂളില്‍ വാളുമായി യുവാവ് നടത്തിയ ഭീകരാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ സ്വീഡനിലെ ഫാഗര്‍സ്റ്റയിലുള്ള ബ്രിട്ടീഷ്-ബ്രിനെല്‍ ഹൈസ്‌കൂളില്‍ ആക്രമണം നടത്തിയ പതിനെട്ടുകാരനായ മുന്‍ വിദ്യാര്‍ത്ഥിയെ പോലീസ് വെടിവെച്ച് കീഴടക്കി കസ്റ്റഡിയിലെടുത്തു.
വേനലവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന ആദ്യ ദിനങ്ങളിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഹെല്‍മെറ്റ് ധരിച്ച് വാളുമായി സ്‌കൂളിലെത്തിയ അക്രമി കണ്ണില്‍ക്കണ്ട വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. വിവരമറിഞ്ഞ് ഉടന്‍തന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം അക്രമിയെ വെടിവെച്ച് കീഴ്പ്പെടുത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ മൂന്ന് പേരില്‍ രണ്ട് കൗമാരക്കാരുടെ നില ഗുരുതരമായി തുടരുകയാണ്.
അക്രമത്തിന് തൊട്ടുമുമ്പ് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കില്‍ വാളിന്റെ ചിത്രം പങ്കുവെച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിദ്വേഷ പ്രചാരണങ്ങളും മുമ്പ് നടന്ന കൂട്ടക്കൊലപാതകങ്ങളുടെ ദൃശ്യങ്ങളും ഈ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അക്കൗണ്ട് നീക്കം ചെയ്തു. സംഭവത്തില്‍ സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കടുത്ത ദുഃഖവും ഞെട്ടലും രേഖപ്പെടുത്തി.