തിരുവനന്തപുരം നഗരത്തിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്ഐ പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ നൈറ്റ് മാർച്ചിനിടെയാണ് യൂണിവേഴ്സിറ്റി കോളജ്–ഹോസ്റ്റൽ പരിസരത്ത് സംഘർഷം ആരംഭിച്ചത്. മാർച്ചിനുനേരെ കല്ലേറുണ്ടായതിനു പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജ് ഭാഗത്തേക്ക് തീപ്പന്തം എറിഞ്ഞതോടെ സ്ഥിതിഗതികൾ രൂക്ഷമായി. തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറും സംഘർഷവും ഉണ്ടായി.
സംഘർഷം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിക്കുകയും പിന്നീട് യൂണിവേഴ്സിറ്റി ഹോസ്റ്റൽ വളപ്പിൽ പ്രവേശിച്ച് ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. സംഭവത്തിൽ വിദ്യാർഥികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്ഐ ആഹ്വാനം ചെയ്തു. സെക്രട്ടേറിയറ്റിലേക്കും ജില്ലാ പൊലീസ് മേധാവികളുടെ ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അറിയിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .