Loading time...
Global

യുദ്ധത്തിൽ പുതിയ പരീക്ഷണവുമായി റഷ്യ.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 6:48 pm
Updated on: 27 May 2026, 6:48 pm
Share:
Follow Us: YouTube
Feature Image

വർഷങ്ങളായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധത്തിൽ പുതിയ പരീക്ഷണവുമായി റഷ്യ. യുക്രെയ്നിന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബാങ്ക് ജീവനക്കാരെ സായുധ സജ്ജരാക്കാൻ ഒരുകുകയാണ് റഷ്യ. ബാങ്ക് പരിസരങ്ങളിൽ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ഇലക്ട്രോണിക് ജാമിങ് സംവിധാനങ്ങൾ സ്ഥാപിക്കാനും, തെരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ഡ്രോണുകളെ

 

പ്രതിരോധിക്കാനുള്ള അനുമതി നൽകാനുമുള്ള കരട് ബില്ലിന് റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ഡുമ അംഗീകാരം നൽകി. റഷ്യയിലെ മിക്ക നഗരങ്ങളിലും പട്ടണങ്ങളിലും ബാങ്ക് ശാഖകൾ ഉള്ളതിനാൽ, ഇവയെക്കൂടി വ്യോമപ്രതിരോധ സംവിധാനത്തിന്റെ ഭാഗമാക്കുന്നത് വഴി രാജ്യവ്യാപകമായി സുരക്ഷ വർധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

 

 

റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ഇന്റർഫാക്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കഴിഞ്ഞ ഓഗസ്റ്റിൽ അവതരിപ്പിച്ച ബില്ലിന്റെ പരിധി പിന്നീട് വിപുലീകരിക്കുകയായിരുന്നു. റഷ്യൻ സെൻട്രൽ ബാങ്കും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്ബെർബാങ്കും ഉൾപ്പെടെയുള്ള മുൻനിര ധനകാര്യ സ്ഥാപനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ വരും. ഇതിനായുള്ള ചിലവുകൾ ബാങ്കുകൾ തന്നെ വഹിക്കേണ്ടി വരും. ഉപരിസഭയായ ഫെഡറേഷൻ കൗൺസിൽ കൂടി പാസാക്കി പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഒപ്പുവെക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും. സുരക്ഷാ സേനയുടെ മറുപടിക്കായി കാത്തുനിൽക്കാതെ തന്നെ തങ്ങളുടെ സ്ഥാപനങ്ങൾക്ക് ഭീഷണിയാകുന്ന ഡ്രോണുകളുടെ സിഗ്നലുകൾ ജാം ചെയ്യാനും അവ നശിപ്പിക്കാനും പുതിയ നിയമപ്രകാരം ബാങ്ക് ജീവനക്കാർക്ക് അധികാരമുണ്ടാകും. ഓരോ സ്ഥാപനവും ഇതിനായി പ്രത്യേക ജീവനക്കാരെ ചുമതലപ്പെടുത്തും.

 

 

യുക്രെയ്ൻ അതിർത്തി കടന്ന് നടത്തുന്ന അത്യാധുനിക ദീർഘദൂര ഡ്രോൺ ആക്രമണങ്ങളിൽ നിന്ന് റഷ്യയുടെ കൂറ്റൻ ഭൂപ്രദേശത്തെ സംരക്ഷിക്കാൻ സൈന്യത്തിന് നിലവിൽ കടുത്ത വെല്ലുവിളി നേരിടുന്നുണ്ട്. 1250 കിലോമീറ്റർ നീണ്ട യുദ്ധമുന്നണിയിൽ റഷ്യൻ സൈന്യത്തിന്റെ വിതരണ ശൃംഖലകൾ തകർക്കാൻ യുക്രെയ്ൻ ഡ്രോണുകൾക്ക് സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വ്യവസായ സ്ഥാപനങ്ങളോടും പ്രതിരോധ നടപടികളിൽ പങ്കാളികളാകാൻ റഷ്യൻ അധികൃതർ ആവശ്യപ്പെടുന്നത്. എന്നാൽ നാല് വർഷമായി തുടരുന്ന യുദ്ധത്തിൽ റഷ്യൻ ബാങ്കുകൾ ഇതുവരെ യുക്രെയ്ന്റെ പ്രധാന ലക്ഷ്യമായിരുന്നില്ല. സാധാരണ പൗരന്മാരായ ബാങ്ക് ജീവനക്കാരെ തോക്കുകളും ജാമിങ് ഉപകരണങ്ങളും നൽകി യുദ്ധത്തിന്റെ ഭാഗമാക്കുന്നത് റഷ്യൻ ജനതയ്ക്കുള്ളിൽ കൂടുതൽ ആശങ്കയ്ക്ക് വഴിവെക്കുമെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.