നാഗർകോവിലിനടുത്ത് തമ്മട്ടുകോണത്തെ വ്യവസായി വിനോദ് കുമാറിന്റെയും യൂട്യൂബർ മധുമിതയുടെയും വീട്ടിലാണ് മോഷണം നടന്നത്. സെപ്റ്റംബർ 24ന് രാത്രിയായിരുന്നു സംഭവം. വീട്ടിലുള്ള സ്വർണവും പണവും കാണിച്ചുള്ള വിഡിയോ മധുമിത യൂട്യൂബിൽ പങ്കുവച്ചതിന് പിന്നാലെയാണ് മോഷ്ടാക്കൾ വീട് ലക്ഷ്യമിട്ടത്.
മധുമിതയും ഭർത്താവും പുറത്തുപോയ സമയത്തായിരുന്നു മോഷണം. രാത്രി 12 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് സ്വർണവും പണവും നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് രാജാക്കമംഗലം പൊലീസിൽ പരാതി നൽകി. ശ്രീവൈകുണ്ഠം സ്വദേശി ഇസക്കി പാണ്ടി, മുരുകൻ, ആലംകുളം സ്വദേശി മുരുകേശൻ, തിമ്മരാജപുരം സ്വദേശി തങ്കപാണ്ടി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 98 പവൻ ആഭരണങ്ങൾ പിടിച്ചെടുത്തു.
വീടിന് സമീപത്തുകൂടി മൂന്ന് ബൈക്കുകൾ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ സംഘം ശ്രീവൈകുണ്ഠത്തുണ്ടെന്ന് കണ്ടെത്തി. പൊലീസ് എത്തുമ്പോഴേക്കും ഇവർ കന്യാകുമാരിയിലേക്ക് പോയിരുന്നു. തുടർന്ന് 120 കിലോമീറ്ററോളം പിന്തുടർന്നാണ് രണ്ട് പേരെ എരമ്പക്കാട്ടെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ട് പേരെയും പിടികൂടിയത്.
യൂട്യൂബ് വിഡിയോ കണ്ടാണ് മോഷണം ആസൂത്രണം ചെയ്തതെന്നും ദിവസങ്ങളായി വീട് നിരീക്ഷിച്ചിരുന്നെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. മോഷണം നടന്ന ദിവസം വീടിന് മുന്നിൽ കാർ കാണാതിരുന്നതോടെയാണ് വീട്ടുടമകൾ പുറത്തുപോയെന്ന് മനസ്സിലാക്കിയത്. തുടർന്ന് പിൻവാതിൽ തകർത്ത് അകത്ത് കയറിയാണ് മോഷണം നടത്തിയത്. കന്യാകുമാരി ഡിവൈഎസ്പി പ്രകാശിന്റെ നേതൃത്വത്തിൽ ഏഴ് പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തിയത്. ശ്രീവൈകുണ്ഠം വരെയുള്ള 160 സിസിടിവി ക്യാമറകളും പൊലീസ് പരിശോധിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .