തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്തുനിന്ന് ആർ. ശ്രീലേഖ രാജിവച്ചു. ശാസ്തമംഗലം വാർഡിനെ പ്രതിനിധീകരിച്ചിരുന്ന ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ശ്രീലേഖയാണ് പദവി ഒഴിഞ്ഞത്. മേയർ വി.വി. രാജേഷിന്റെ ഓഫിസിലെത്തിയാണ് രാജിക്കത്ത് കൈമാറിയത്. **
ഒരു സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടെയാണ് നിലവിൽ ബിജെപി തിരുവനന്തപുരം കോർപറേഷൻ ഭരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ അപ്രതീക്ഷിത രാജി ഭരണസമിതിയിൽ ശ്രദ്ധേയമായ നീക്കമായിരിക്കുകയാണ്. രാജിയോടെ കോർപറേഷനിലെ ബിജെപി കൗൺസിലർമാരുടെ എണ്ണം 49 ആയി.
ബിജെപി നേതൃത്വവുമായി ശ്രീലേഖയ്ക്ക് നേരത്തെ പല വിഷയങ്ങളിലും അഭിപ്രായഭിന്നതകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച ശ്രീലേഖ മൂന്നാം സ്ഥാനത്തായിരുന്നു. പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്ന വിമർശനങ്ങളും ഇതിന് പിന്നാലെ ഉയർന്നിരുന്നു.
കോർപറേഷൻ തിരഞ്ഞെടുപ്പിന് ശേഷം മേയർ സ്ഥാനം ലഭിക്കാത്തതിലും ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ശ്രീലേഖയെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നെങ്കിലും പിന്നീട് വി.വി. രാജേഷിനെ മേയറാക്കുകയായിരുന്നു.
അതേസമയം, ശ്രീലേഖയുടെ രാജിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഡപ്യൂട്ടി മേയർ ആശാനാഥ് പ്രതികരിച്ചു. രാജിയുടെ ഔദ്യോഗിക കാരണം സംബന്ധിച്ച് കൂടുതൽ വിശദീകരണം പുറത്തുവന്നിട്ടില്ല.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .