കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി അതീവ ഗുരുതരമായ മാനസിക-ശാരീരിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഭർത്താവ്. തന്നെപ്പോലും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നുവെന്നും വീട്ടിലെത്തിയപ്പോൾ മുഖത്ത് ഗുരുതരമായ പരിക്കുകളും വീക്കവും ഉണ്ടായിരുന്നുവെന്നും ഭർത്താവ് മാധ്യമങ്ങളോട് പറഞ്ഞു.
സ്പായിലെ ജോലിക്കായുള്ള അഭിമുഖത്തിന്റെ പേരിലാണ് യുവതി സംഘവുമായി ബന്ധപ്പെട്ടതെന്നാണ് വിവരം. തുടർന്ന് സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെയുള്ളവർ യുവതിയെ ഉപദ്രവിച്ചെന്നാണ് പരാതി. സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നും ഭർത്താവ് ആരോപിച്ചു.
സംഭവത്തിന് ശേഷം യുവതി വീട്ടിലെത്തിയപ്പോൾ പതിവിൽനിന്ന് വ്യത്യസ്തമായ അവസ്ഥയിലായിരുന്നു. കട്ടിലിൽനിന്ന് എഴുന്നേൽക്കാൻ കഴിയാതെ മുഖം മറച്ചുകിടക്കുകയായിരുന്നു. മുഖത്തിന്റെ ഇരുവശങ്ങളിലും വലിയ വീക്കവും പരിക്കുകളും ഉണ്ടായിരുന്നതായി ഭർത്താവ് പറഞ്ഞു. പലതവണ ചോദിച്ച ശേഷമാണ് തനിക്ക് നേരിട്ട കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയത്.
ലോഡ്ജ് മുറിയിൽ ആദ്യം നാലുപേരുണ്ടായിരുന്നുവെന്നും പിന്നീട് കൂടുതൽ പേർ അവിടേക്ക് എത്തിയെന്നും ഭർത്താവ് പറയുന്നു. ഇതോടെ ഭയന്ന യുവതി ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഘം പിന്മാറുകയും യുവതിയെ പോകാൻ അനുവദിക്കുകയും ചെയ്തെന്നാണ് ഭർത്താവിന്റെ വെളിപ്പെടുത്തൽ. സംഭവം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
അതേസമയം, വ്യാജ ജോലി വാഗ്ദാനത്തിന്റെ പേരിൽ യുവതിയെ വിളിച്ചുവരുത്തി ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിലെ ഒരു സ്ത്രീ ഉൾപ്പെടെ രണ്ടുപേർ കൂടി ഒളിവിലാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതി നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .