മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ എംപിമാർ നടത്തുന്ന പ്രതിഷേധം ദില്ലിയിൽ ശക്തമായി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗേറ്റ് തുറന്ന് അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. പൊലീസ് പ്രവർത്തകരെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് ഉന്തും തള്ളുമുണ്ടായി.
പാർലമെന്റിൽ നിന്ന് രാവിലെ ആരംഭിച്ച പ്രതിഷേധ മാർച്ച് ആകാശവാണി ഭവന് സമീപം പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. തുടർന്ന് എംപിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ബാരിക്കേഡിന് മുകളിലേക്ക് കയറി. ഇരുവരും ദേശീയ പതാക വീശി പ്രതിഷേധത്തിന് നേതൃത്വം നൽകി.
പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ തന്ത്രപരമായി മാറിനിന്നു. തുടർന്ന് രാഹുൽ ഗാന്ധി ആകാശവാണി കവാടത്തിന് സമീപം നിലയുറപ്പിച്ച് പ്രതിഷേധം തുടരുകയാണ്. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.
ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിലെ പ്രതിഷേധം തുടരുന്നതിനിടെ ദില്ലിയിൽ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .