മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇടതുപാർട്ടികളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം സംഘർഷഭരിതമായി. പ്രതിഷേധ മാർച്ച് തടഞ്ഞ ഡൽഹി പൊലീസ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്, പി.ബി അംഗങ്ങൾ, കേരളത്തിൽ നിന്നുള്ള എം.പിമാർ എന്നിവരടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. എ.എ. റഹീം, ജെയ്ക് സി. തോമസ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊലീസ് ഒരു സംഘത്തെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ മറ്റൊരു സംഘം വീണ്ടും ജന്തർ മന്തറിലേക്ക് പ്രതിഷേധവുമായി എത്തുന്ന സാഹചര്യമുണ്ടായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ മാർച്ചായി പ്രദേശത്തേക്ക് നീങ്ങിയതോടെയാണ് പൊലീസ് ഇടപെട്ടത്. ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റുകയും തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് പകരം ഗ്യാനേഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് എം.എ. ബേബി പ്രതികരിച്ചു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് ഉത്തരവാദിയെന്ന് ആരോപിക്കുന്ന ഗ്യാനേഷ് കുമാറിനെതിരെ നടപടി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ ഇടതുസംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
പ്രതിഷേധം കണക്കിലെടുത്ത് ജന്തർ മന്തറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്ന ആവശ്യവുമുയർത്തിയാണ് വിവിധ സംഘടനകൾ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .