വോട്ടർ പട്ടികയിലെ എസ്.ഐ.ആർ ക്രമക്കേടുകൾക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധം നടക്കാനിരിക്കെ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ന്യൂഡൽഹി ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.
മുൻകൂർ അനുമതിയില്ലാതെ അഞ്ചോ അതിലധികമോ പേർ ഒത്തുചേരുന്നതിനും ഘോഷയാത്ര, പ്രകടനം, ധർണ, മുദ്രാവാക്യം വിളിക്കൽ, പ്രസംഗം എന്നിവ നടത്തുന്നതിനും നിയന്ത്രണമുണ്ട്. ആയുധങ്ങൾ, ബാനറുകൾ, പ്ലക്കാർഡുകൾ, വടികൾ തുടങ്ങിയവ കൈവശം വയ്ക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
പ്രതിഷേധത്തിന് വലിയ ജനപങ്കാളിത്തമുണ്ടാകുമെന്ന വിലയിരുത്തലിലാണ് ജന്തർ മന്തറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചത്. ജന്തർ മന്തറിലും സമീപ റോഡുകളിലും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 11 മെട്രോ സ്റ്റേഷനുകൾ അടച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ജൻപത്, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ്, രാജീവ് ചൗക്ക്, മണ്ഡി ഹൗസ്, ലോക് കല്യാൺ മാർഗ്, ഐ.എൻ.എ, ചൗരി ബസാർ, രാമകൃഷ്ണ ആശ്രമ മാർഗ്, ന്യൂഡൽഹി, സേവ തീർത്ഥ് എന്നിവിടങ്ങളിലെ സ്റ്റേഷനുകളാണ് അടുത്ത ഉത്തരവ് വരെ അടച്ചത്. ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാജ്ഘട്ടിലും വിജയ് ഘട്ടിലും നടക്കുന്ന പരിപാടികളുടെ സുരക്ഷയും നടപടിക്ക് കാരണമായി.
ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനാണ് വെള്ളിയാഴ്ച ജന്തർ മന്തറിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം.
ഇന്ത്യൻ യൂത്ത് കോൺഗ്രസും പ്രതിഷേധത്തിന് അനുമതി തേടിയിരുന്നെങ്കിലും പൊലീസ് അനുമതി നൽകിയില്ലെന്ന് സംഘടന അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവും എസ്.ഐ.ആർ നടപടികളും ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി നേതാക്കളായ അതിഷി, സഞ്ജയ് സിങ്, മനീഷ് സിസോദിയ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .