ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കം; ദില്ലിയിൽ മാർച്ചിന് അനുമതിയില്ല
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെയും വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധനയായ എസ്ഐആറിനെയും ചോദ്യം ചെയ്തും രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ഇന്ന് തുടക്കം. ഇന്ത്യ സഖ്യം പ്രഖ്യാപിച്ച പ്രതിഷേധ പരിപാടികൾക്കൊപ്പം കോക്രോച്ച് ജനത പാർട്ടിയും (CJP) ഇന്ന് മുതൽ പ്രക്ഷോഭം ആരംഭിക്കും.
ഗാന്ധിജയന്തി ദിനമായ ഇന്ന് മുംബൈയിലെ ശിവാജി പാർക്കിലാണ് സിജെപി പ്രതിഷേധത്തിന് തുടക്കമിടുന്നത്. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിച്ച ശേഷം ഡൽഹിയിലെ ജന്തർമന്തറിൽ വലിയ സമരമായി ഇത് തുടരാനാണ് സിജെപിയുടെ പ്രഖ്യാപനം. എന്നാൽ ശിവാജി പാർക്കിലെ പ്രതിഷേധത്തിന് മുംബൈ പൊലീസും അനുമതി നൽകിയിട്ടില്ല.
ദില്ലിയിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾക്ക് ആഹ്വാനമുണ്ട്. ജന്തർമന്തറിലേക്ക് എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി-യുവജന സംഘടനകൾ പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പരിപാടിക്ക് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. പ്രതിഷേധം കണക്കിലെടുത്ത് ജന്തർമന്തർ ഉൾപ്പെടെയുള്ള ന്യൂഡൽഹി മേഖലയിൽ സുരക്ഷ ശക്തമാക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, എസ്ഐആർ നടപടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവും ഉന്നയിച്ച് ഇന്ത്യ സഖ്യം പ്രഖ്യാപിച്ച ഒരാഴ്ചത്തെ ജില്ലാതല പ്രതിഷേധ പരിപാടികൾക്കും ഇന്ന് തുടക്കമാകും. വോട്ടർപട്ടികയിലെ മാറ്റങ്ങളെക്കുറിച്ചുള്ള ആരോപണങ്ങൾക്കിടെയാണ് പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ശക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അതേസമയം വോട്ടർപട്ടികയുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ നടപടികൾ അവലോകനം ചെയ്യുന്നതിനായി പുതിയ പരിശോധനാ സംവിധാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ദില്ലിയിലും മുംബൈയിലും പ്രതിഷേധങ്ങൾക്ക് പൊലീസ് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഇന്ന് നടക്കുന്ന പരിപാടികൾ രാജ്യത്തെ രാഷ്ട്രീയരംഗത്ത് കൂടുതൽ ശ്രദ്ധ നേടുകയാണ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .