2024-ലെ തൃശൂർ പൂരം ചടങ്ങുകൾ തടസ്സപ്പെട്ട സംഭവത്തിൽ പൊലീസിന് ക്ലീൻ ചിറ്റ് നൽകി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട്. മുൻ പൊലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഹൈക്കോടതി നിർദേശങ്ങൾ നടപ്പാക്കാനാണ് കമ്മീഷണർ ശ്രമിച്ചതെന്നും പൂരം അലങ്കോലപ്പെടുത്താൻ പൊലീസോ മറ്റ് ബാഹ്യശക്തികളോ ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുൻ എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായത് കൃത്യനിർവഹണത്തിലെ വീഴ്ച മാത്രമാണെന്നാണ് റിപ്പോർട്ടിലുള്ളത്. ഇക്കാര്യത്തിൽ ഡിജിപി തലത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
പൂരം ചടങ്ങുകൾക്കിടെയുണ്ടായ തടസ്സങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചതോടെയാണ് സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നത്. തുടർന്നാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരാണ് കേസിൽ പ്രതിപ്പട്ടികയിലുള്ളത്. ലഹളയുണ്ടാക്കാൻ ശ്രമിക്കൽ, സർക്കാരിനെതിരായ കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, അന്വേഷണ റിപ്പോർട്ടിന്മേൽ തുടർനടപടികൾ എന്തായിരിക്കുമെന്നതാണ് ഇനി പ്രധാനം. കേസിൽ പുനരന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്. പൂരം കലക്കൽ വിവാദത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് കേസിന്റെ ഭാവിയിൽ നിർണായകമാകും.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ്.