മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അടൂർ പ്രകാശ് എഐസിസിക്ക് പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും വിഷയത്തിൽ ദേശീയ നേതൃത്വം ഉചിതമായ തീരുമാനം സ്വീകരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അടൂർ പ്രകാശ് മുതിർന്ന നേതാവാണെന്നും എഐസിസിയാണ് അദ്ദേഹത്തെ യുഡിഎഫ് കൺവീനറായി നിയോഗിച്ചതെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായും യുഡിഎഫ് കൺവീനറുമായും താൻ നിരന്തരം ആശയവിനിമയം നടത്താറുണ്ട്. എന്നാൽ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ താൻ കക്ഷിയല്ലെന്നും തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് പ്രവർത്തകർക്കെതിരെ ബിജെപിയും സിപിഎമ്മും ചേർന്ന് സംഘടിതമായി ആക്രമണം നടത്തുന്നുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഇരു പാർട്ടികളുടെയും നേതൃത്വത്തിന്റെ അറിവോടെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇത് സാധാരണ കരിങ്കൊടി പ്രതിഷേധമായി കാണാനാകില്ലെന്നും മന്ത്രിയുടെ വാഹനത്തിന് നേരെ വരെ ആക്രമണമുണ്ടാകുന്ന സാഹചര്യമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി, സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് ആക്രമണങ്ങൾ നടക്കുന്നതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിക്കാൻ ബന്ധപ്പെട്ട നേതൃത്വങ്ങൾ തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .