നൂതന എഐ മോഡലുകൾ അവതരിപ്പിച്ച് ലോകത്തെ ഞെട്ടിക്കുന്നതിൽ മത്സരിക്കുകയാണ് അമേരിക്കയിലെയും ചൈനയിലെയും നിർമിതബുദ്ധി കമ്പനികൾ. യു.എസ് ടെക് കമ്പനികളായ ആന്ത്രോപിക്, ഓപ്പൺഎഐ, ഗൂഗിൾ എന്നിവയും ചൈനീസ് കമ്പനികളായ ഡീപ്‌സീക്, ആലിബാബ, സെഡ് . എ ഐ എന്നിവയുമെല്ലാം ഈ മത്സരത്തിന്റെ മുൻനിരയിലുണ്ട്.
യു.എസ് എഐ മോഡലുകൾ അവയുടെ അസാമാന്യ കഴിവുകൾകൊണ്ട് ശ്രദ്ധ നേടുമ്പോൾ, ഇവ ഉപയോഗിക്കുന്നതിന് ആവശ്യമായി വരുന്ന ഉയർന്ന ചെലവും ചർച്ചയാകുന്നുണ്ട്. ഇതിനിടെ ചെലവുകുറഞ്ഞ ഓപ്പൺവെയ്‌റ്റ് മോഡലുകൾ അവതരിപ്പിച്ചാണ് ചൈനീസ് കമ്പനികൾ യു.എസിന് മറുപടി നൽകുന്നത്. ഇത്തരത്തിലുള്ള മത്സരങ്ങൾക്കിടെ ഇൻ്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ് മറ്റൊരു വ്യത്യസ്ത എഐ മോഡൽ. കഴിഞ്ഞയാഴ്ച ഓപ്പൺ റൂട്ടർ എന്ന വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഓക്‌സ് ആൽഫ എന്ന മോഡലാണ് എഐ ലോകത്ത് വലിയ ശ്രദ്ധ നേടുന്നത്.
സൗജന്യമായി ലഭിക്കുന്ന ഒരു സ്റ്റെൽത്ത് മോഡൽ ആയാണ് ഓക്‌സ് ആൽഫ അവതരിപ്പിക്കപ്പെട്ടത്. അജ്ഞാത ഉറവിടത്തിൽനിന്ന് ഡെവലപ്പർമാർക്കോ പൊതുജനങ്ങൾക്കോ ലഭ്യമാക്കുന്ന മെഷീൻ ലേണിങ് മോഡലുകളെയാണ് സ്റ്റെൽത്ത് മോഡലുകൾ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാൽ ഈ മോഡലിന് പിന്നിൽ ആരാണെന്ന് റിപ്പോർട്ട് തയ്യാറാക്കുന്ന സമയത്തും വ്യക്തമല്ല.
കോഡിങ്, ദീർഘകാല എഐ ഏജന്റ് ടാസ്ക്കുകൾ, പ്രൊഡക്ഷൻ വർക്ലോഡുകൾ എന്നിവയ്ക്കായി നിർമ്മിച്ച ഒരു റീസണിങ് മോഡലാണ് ഇതെന്നാണ് അജ്ഞാത നിർമാതാക്കൾ വിശേഷിപ്പിക്കുന്നത്. 10 ലക്ഷം ടോക്കൺ കോൺടെക്സ്റ്റ് വിൻഡോയുമായാണ് മോഡൽ എത്തുന്നത്. അതായത്, ഒരൊറ്റ സെഷനിൽ വളരെ വലിയ അളവിലുള്ള ടെക്സ്റ്റോ കോഡോ കൈകാര്യം ചെയ്യാൻ ഇതിന് കഴിയും.
ഓക്‌സ് ആൽഫ സ്റ്റെൽത്ത് സ്വഭാവമുള്ള മോഡലാണെന്ന് ഓപ്പൺറൂട്ടർ വ്യക്തമാക്കുന്നു. ഇതിന്റെ ഡെവലപ്പർ അജ്ഞാതനായി തുടരാൻ ആഗ്രഹിക്കുന്നുവെന്നും ഓപ്പൺറൂട്ടർ പറയുന്നു. ഈ അജ്ഞാത സ്വഭാവമാണ് എഐ ലോകത്തെ ജിജ്ഞാസ കൂടുതൽ വർധിപ്പിച്ചിരിക്കുന്നത്.
കോഡിങ്ങിലും ഏജന്റ് വർക്ലോഡുകളിലും മോഡൽ പരീക്ഷിച്ച ഡെവലപ്പർമാരും ഇത് സാധാരണ എഐ മോഡൽ അല്ലെന്നാണ് പറയുന്നത്. മികച്ച പ്രകടനവും അജ്ഞാത ഉറവിടവുമാണ് ഓക്‌സ് ആൽഫ-യെ ചുറ്റിപ്പറ്റി നിരവധി ഊഹാപോഹങ്ങൾക്ക് കാരണമായിരിക്കുന്നത്.
ഓപ്പൺറൂട്ടറിന്റെ ഔദ്യോഗിക ലിസ്റ്റിങ്ങിൽ ഒരു കമ്പനിയുടെയും പേര് നൽകിയിട്ടില്ല. അജ്ഞാതരായി തുടരാൻ ആഗ്രഹിക്കുന്ന ഒരു തേഡ് പാർട്ടി പ്രൊവൈഡറാണ് മോഡൽ വികസിപ്പിച്ചതും പ്രവർത്തിപ്പിക്കുന്നതും എന്നുമാത്രമാണ് വ്യക്തമാക്കിയിട്ടുള്ളത്. മോഡലിലേക്കുള്ള റിക്വസ്റ്റുകൾ റൂട്ട് ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്യുന്നതെന്നും, തങ്ങൾ അതിന്റെ ഡെവലപ്പറോ ഉടമയോ ദാതാവോ അല്ലെന്നും ഓപ്പൺറൂട്ടർ വ്യക്തമാക്കുന്നു.
അതേസമയം, ഓക്‌സ് ആൽഫ-യെക്കുറിച്ച് പല സിദ്ധാന്തങ്ങളും പ്രചരിക്കുന്നുണ്ട്. ഇവയിൽ പലതും ചൈനയുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് സെഡ് . എ ഐ എന്ന കമ്പനിയെക്കുറിച്ചാണ് ചില ഊഹാപോഹങ്ങൾ. ചൈനയിൽനിന്നുള്ള മുൻകാല നിഗൂഢ മോഡലുകളുമായി ഓക്‌സ് ആൽഫ-യ്ക്കുള്ള ചില സമാനതകൾ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.
മറ്റൊരു സിദ്ധാന്തം മൈക്രോസോഫ്റ്റിലേക്ക് വിരൽ ചൂണ്ടുന്നതാണ്. മൈക്രോസോഫ്റ്റ് ഇതുവരെ പുറത്തിറക്കാത്ത ഒരു എഐ മോഡലുമായി ഓക്‌സ് ആൽഫ-യ്ക്ക് ബന്ധമുണ്ടാകാമെന്നാണ് ചില നിരീക്ഷകരുടെ ഊഹം. മറ്റ് പ്രമുഖ എഐ ലാബുകളെക്കുറിച്ചുള്ള ഊഹാപോഹങ്ങളും ഇതിനിടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ദുരൂഹതകൾക്കിടയിലും ഓക്‌സ് ആൽഫ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു പ്രധാന കാരണമുണ്ട്. മോഡൽ ഇപ്പോൾ സൗജന്യമായി ലഭ്യമാണ് എന്നതാണ് അത്. സ്റ്റെൽത്ത് പ്രിവ്യൂ സമയത്ത് ഓപ്പൺറൂട്ടർ ഇൻപുട്ടിനും ഔട്ട്പുട്ടിനും വില പൂജ്യം ഡോളറായാണ് നൽകിയിരിക്കുന്നത്.
ആരാണ് ഓക്‌സ് ആൽഫ-യ്ക്ക് പിന്നിൽ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. എന്നാൽ മോഡലിന്റെ കഴിവുകളും അജ്ഞാത ഉറവിടവും സൗജന്യ ലഭ്യതയും ചേർന്ന് എഐ ലോകത്ത് ഇതിനെ വലിയ ചർച്ചയാക്കി മാറ്റുകയാണ്.