വടക്കൻ അയർലൻഡിലെ പോർട്ടഡൗണിലാണ് പ്രൊട്ടസ്റ്റന്റ് ഓറഞ്ച് ഓർഡറിന്റെ പരേഡ് വിവാദമായത്. കത്തോലിക്കർ കൂടുതലായി താമസിക്കുന്ന ഗാർവാഗി റോഡിലൂടെ പരേഡ് നടത്താനായിരുന്നു നീക്കം. എന്നാൽ രണ്ടായിരത്തോളം പ്രതിഷേധക്കാർ റോഡിൽ നിലയുറപ്പിച്ചതോടെ മാർച്ച് മുന്നോട്ട് പോകാനായില്ല. ഇരു വിഭാഗങ്ങളും പിരിഞ്ഞുപോകാൻ തയ്യാറാകാതിരുന്നതോടെ പൊലീസ് ഇടയിൽ നിലയുറപ്പിച്ചു.
ഏകദേശം 30 വർഷമായി ഈ റൂട്ടിൽ പരേഡിന് വിലക്കുണ്ടായിരുന്നു. 1998ലാണ് വിലക്ക് നിലവിൽ വന്നത്. എന്നാൽ ഈ വർഷത്തെ പരേഡിന് ഏർപ്പെടുത്തിയ വിലക്ക് നടപടിക്രമത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ഓഗസ്റ്റിൽ ഹൈക്കോടതി റദ്ദാക്കി. തുടർന്ന് പരേഡുകൾ നിയന്ത്രിക്കുന്ന പാരേഡ്സ് കമ്മീഷൻ വെള്ളിയാഴ്ച പരേഡിന് അനുമതി നൽകി. രാവിലെ എട്ട് മുതൽ ഒൻപതര വരെ 35 പേർക്ക് മാത്രമായിരുന്നു അനുമതി.
പരേഡ് തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ അപേക്ഷ ബെൽഫാസ്റ്റ് ഹൈക്കോടതി ശനിയാഴ്ച രാത്രി തള്ളിയതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ'നീൽ, സിന്‍ ഫെയിൻ നേതാവ് മേരി ലൂ മക്‌ഡൊണാൾഡ് എന്നിവരും പ്രതിഷേധക്കാരോടൊപ്പം ഗാർവാഗി റോഡിലെത്തി.
അതേസമയം ഓറഞ്ച് ഓർഡർ അംഗങ്ങളുടെ ചെറിയ സംഘം ഓറഞ്ച് നിറത്തിലുള്ള സാഷുകളും കറുത്ത ബൗളർ തൊപ്പികളും ധരിച്ച് നഗരത്തിലെ മറ്റൊരു ഭാഗത്ത് കാത്തുനിന്നു. പൊലീസ് റൂട്ട് തുറക്കുന്നതുവരെ കാത്തിരിക്കുമെന്നാണ് ഇവർ അറിയിച്ചത്. ഗാർവാഗി റോഡിൽ പൊലീസ് വാഹനങ്ങളും കലാപനിയന്ത്രണ സേനാംഗങ്ങളെയും വിന്യസിച്ചു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ ക്രിമിനൽ കുറ്റം ചെയ്യുകയാണെന്ന മുന്നറിയിപ്പും പൊലീസ് നൽകി.
1990കളുടെ മധ്യത്തിൽ ഉണ്ടായ ഡ്രംക്രീ തർക്കമാണ് ഈ പരേഡ് റൂട്ടിനെ വലിയ രാഷ്ട്രീയ-സാമുദായിക വിവാദമാക്കിയത്. കത്തോലിക്കാ ദേശീയവാദികളും ബ്രിട്ടനോട് അനുകൂല നിലപാടുള്ള പ്രൊട്ടസ്റ്റന്റുകളും തമ്മിലുള്ള തർക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ഈ വിഷയം മാറിയിരുന്നു. ഓറഞ്ച് ഓർഡർ തങ്ങളുടെ പരേഡുകളെ പ്രൊട്ടസ്റ്റന്റ് സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമായാണ് കാണുന്നത്. എന്നാൽ കത്തോലിക്കാ മേഖലകളിലൂടെയുള്ള പരേഡുകൾ തങ്ങളെ അപമാനിക്കുന്നതാണെന്നാണ് ദേശീയവാദികളുടെ നിലപാട്.
പ്രതിഷേധം സമാധാനപ്രക്രിയയെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണെന്ന് മിഷേൽ ഒ'നീൽ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമും അയർലൻഡ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിനും സമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം പാരേഡ്സ് കമ്മീഷന്റെ തീരുമാനം മനസ്സിലാക്കാനാകാത്തതും തെറ്റായതുമാണെന്ന് മാർട്ടിൻ പ്രതികരിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .