Loading time...
Global

നൈജീരിയയിൽ പ്രതികാരക്കൊല;64 പേർ കൊല്ലപ്പെട്ടു.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 24 Nov 2026, 5:13 am
Updated on: 24 Nov 2026, 5:13 am
Share:
Follow Us: YouTube
Feature Image

നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് ഫുലാനി സമുദായത്തിന് നേരെയുണ്ടായ ആക്രമണങ്ങളിൽ 64 പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ബോർഗു പ്രാദേശിക ഭരണകൂടത്തിന് കീഴിലുള്ള വാവ, ഗാഡ-ഒലി പട്ടണങ്ങൾക്ക് സമീപം കൂട്ടക്കൊല അരങ്ങേറിയത്.

 

തോക്കുകളും വടിവാളുകളുമായി എത്തിയ അക്രമികൾ ഫുലാനി വിഭാഗക്കാരുടെ വീടുകൾക്ക് തീയിടുകയും വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. കൊല്ലപ്പെട്ടവരിൽ 38 പേരെ വാവയിൽ കൂട്ടക്കുഴിമാടത്തിൽ സംസ്കരിച്ചു.

 

സമീപഗ്രാമമായ ലുമ്മാൻ-ബാരെയിൽ പ്രഭാത പ്രാർത്ഥനയ്ക്കിടെ അജ്ഞാത തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ ഗ്രാമത്തലവനടക്കം അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. സായുധ കൊള്ളക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഈ സംഭവത്തിന് പ്രതികാരമായാണ് പ്രാദേശിക സുരക്ഷാ സംഘങ്ങൾ ഫുലാനി സമുദായത്തെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതെന്നാണ് സമുദായ പ്രതിനിധികളുടെ ആരോപണം.

 

എന്നാൽ, വ്യക്തികളോ സായുധ സംഘങ്ങളോ നടത്തുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ ഒരു സമുദായത്തെ മുഴുവൻ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഫുലാനി സംഘടനകൾ വ്യക്തമാക്കി. മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.