Loading time...
Local

കിടപ്പിലായ അമ്മയെ തലയിണ മുഖത്തമർത്തി കൊലപ്പെടുത്തി മകൻ; പോസ്റ്റ്മോർട്ടത്തിൽ കൊലപാതകം തെളിഞ്ഞു

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Oct 2026, 6:30 am
Updated on: 1 Oct 2026, 6:30 am
Share:
Follow Us: YouTube
Feature Image

രോഗബാധിതയായി കിടപ്പിലായിരുന്ന വയോധികയായ അമ്മയെ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ മകൻ അറസ്റ്റിൽ. തൃശൂർ വരാക്കര സ്വദേശി എൽസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബിനോയ് (48)യെ വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ രണ്ട് വർഷമായി എൽസിയും മകനും വരാക്കരയിലെ ബന്ധുവീട്ടിലായിരുന്നു താമസം. കഴിഞ്ഞ രാത്രി വീട്ടിലെ മറ്റ് അംഗങ്ങൾ പുറത്തുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന ബിനോയ് കിടപ്പിലായിരുന്ന അമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

തുടർന്ന് രാവിലെ അമ്മയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീർക്കാൻ ബിനോയ് ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ ബന്ധുക്കൾക്ക് സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

 

പോസ്റ്റ്മോർട്ടം പരിശോധനയിലാണ് മരണകാരണം ശ്വാസംമുട്ടലാണെന്ന് കണ്ടെത്തിയത്. മുഖത്ത് തലയിണ അമർത്തിയതിന്റെ അടയാളങ്ങളും കണ്ടെത്തി. ഇതോടെ പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ബിനോയ് കുറ്റം സമ്മതിച്ചതെന്നാണ് വിവരം.

 

അമ്മയെ പരിചരിച്ച് മടുത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ബിനോയ് പൊലീസിനോട് പറഞ്ഞത്. കടുത്ത മദ്യപാനിയായ ഇയാളുടെ സ്വഭാവദൂഷ്യം കാരണം ഭാര്യ നേരത്തെ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നതായും പൊലീസ് അറിയിച്ചു. കിടപ്പിലായ അമ്മ തന്റെ മദ്യപാനത്തിനും സ്വതന്ത്രമായ ജീവിതത്തിനും തടസ്സമാണെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .