മക്കളെ കൊന്നത് താനെന്ന് അമ്മ; സ്വതന്ത്രജീവിതത്തിനും മോഡലിങ്ങിനും അവർ തടസ്സമായെന്ന് മൊഴിമേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിൽ രണ്ട് കുരുന്നുകളെ ജലസംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺ കുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അമ്മ നിവേദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
കുളിമുറിയിലെ സിമന്റ് ടാങ്കിൽ കളിച്ചുകൊണ്ടിരുന്ന ജെനിഫറിനെ തലയിൽ പിടിച്ച് വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നും തുടർന്ന് സമീപത്തുണ്ടായിരുന്ന റോബിനെയും ടാങ്കിലിട്ട് മുതുകിൽ പിടിച്ച് താഴ്ത്തിയെന്നുമാണ് നിവേദ്യയുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. ടാങ്കിൽ മുക്കാൽ ഭാഗത്തോളം മാത്രമാണ് വെള്ളമുണ്ടായിരുന്നത്.
കുട്ടികളുടെ ശരീരത്തിൽ മറ്റ് പരുക്കുകളോ ബലപ്രയോഗത്തിന്റെ വ്യക്തമായ പാടുകളോ കണ്ടെത്തിയിരുന്നില്ല. എന്നാൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ ശ്വാസകോശത്തിൽ വെള്ളം കണ്ടെത്തിയതോടെ മുങ്ങിമരണമാകാമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിനിടെയാണ് കുട്ടികളെ താനാണ് കൊലപ്പെടുത്തിയതെന്ന് നിവേദ്യ സമ്മതിച്ചതായി പൊലീസിന് വിവരം ലഭിച്ചത്.
കുട്ടികളെ കൊലപ്പെടുത്താൻ കാരണം ചോദിച്ചപ്പോൾ, സ്വതന്ത്രമായി ജീവിക്കാനും മോഡലിങ് പഠിക്കാനുമുള്ള തന്റെ ആഗ്രഹങ്ങൾക്ക് കുട്ടികൾ തടസ്സമായിരുന്നുവെന്നാണ് നിവേദ്യ പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ഈ വിശദീകരണം അന്വേഷണസംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം തുടരുകയാണ്.
ജോൺ കുമാറും നിവേദ്യയും പ്രണയിച്ച് ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നും ബന്ധുക്കൾ പറഞ്ഞു. അടുത്തിടെ ഇരുവരും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഏകദേശം രണ്ട് മാസം മുൻപാണ് കുടുംബം മേനോൻപാറ കൂരാങ്കാട്ടിലെ വാടകവീട്ടിലേക്ക് താമസം മാറിയത്.
കുട്ടികൾ ജലസംഭരണിയിൽ ഇറങ്ങി കളിക്കുന്നത് പതിവായിരുന്നുവെന്ന് ജോൺ കുമാർ പൊലീസിനോട് പറഞ്ഞു. ഇരുവരും ഒരുമിച്ച് അബദ്ധത്തിൽ മുങ്ങിമരിക്കാനുള്ള സാധ്യത കുറവാണെന്ന സംശയവും അദ്ദേഹം ഉന്നയിച്ചിരുന്നു. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിച്ചാണ് പരാതി നൽകിയതെന്ന് ജോൺ കുമാറിന്റെ സഹോദരി ബെൻസി പറഞ്ഞു.
കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി മാതാപിതാക്കളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് നിവേദ്യ കുട്ടികളെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതായി അറിയിച്ച് പൊലീസിന് ഫോൺ ലഭിച്ചത്. തുടർന്ന് പൊലീസ് പഴണിയാർപാളയത്തെ വീട്ടിലെത്തി നിവേദ്യയെ കസ്റ്റഡിയിലെടുത്തു. നാട്ടുകാർ തടിച്ചുകൂടിയതോടെ പിന്നീട് കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ചോദ്യം ചെയ്യലിൽ കുട്ടികളെ താനാണ് കൊലപ്പെടുത്തിയതെന്ന് നിവേദ്യ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കാനുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. നിവേദ്യയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പരിശോധിച്ച് സംഭവത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .