Loading time...
Local

കാസർകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ 15കാരന് സംഭവിച്ചത്; പരാതിയുമായി കുടുംബം

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 26 Sep 2026, 4:03 am
Updated on: 26 Sep 2026, 4:03 am
Share:
Follow Us: YouTube
Feature Image

ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ 15കാരന് ലഭിച്ച മരുന്ന് മൂന്ന് ദിവസം കഴിച്ചതിന് പിന്നാലെയാണ് കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ച ആരോപിച്ച് കുടുംബം പരാതിയുമായി രംഗത്തെത്തി.

 

പൈവളിഗെ ബായാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കാൽവിരലിലെ അലർജിയെ തുടർന്ന് ചികിത്സ തേടിയെത്തിയ 15കാരനാണ് ജൂലൈയിൽ കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക് മരുന്ന് ലഭിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഡോക്ടർ കുറിച്ചുനൽകിയ മരുന്ന് ആശുപത്രിയിലെ ഫാർമസിയിൽനിന്ന് വാങ്ങി കുട്ടി മൂന്ന് ദിവസം കഴിച്ചിരുന്നു. ഇതിനുശേഷമാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞതായി കുടുംബം ശ്രദ്ധിച്ചത്.

 

വിവരം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഡോക്ടർ വിഷയം നിസാരവത്കരിച്ചെന്നാണ് കുട്ടിയുടെ രക്ഷിതാക്കളുടെ ആരോപണം. തുടർന്ന് കുടുംബം ജില്ലാ മെഡിക്കൽ ഓഫിസർക്ക് പരാതി നൽകി.

 

അതേസമയം, സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾക്ക് പുറമെ കീമോതെറാപ്പി, അപസ്മാരം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കും ക്ഷാമം നേരിടുന്നുണ്ട്.

 

മരുന്ന് ക്ഷാമം പരിഹരിക്കാൻ പരമാവധി ലോക്കൽ പർച്ചേസ് നടത്താനാണ് സർക്കാർ ആശുപത്രികൾക്ക് നൽകിയിരിക്കുന്ന നിർദേശം. എന്നാൽ വൻതുക കുടിശ്ശികയായതിനാൽ മരുന്നുകളും ഉപകരണങ്ങളും നൽകാൻ സ്വകാര്യ വിതരണക്കാർ വിമുഖത കാട്ടുന്നതായാണ് വിവരം.

 

അടുത്തയാഴ്ചയോടെ പുതിയ സ്റ്റോക്ക് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ അതിനകം സ്റ്റോക്ക് എത്തിയില്ലെങ്കിൽ സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന് ആശുപത്രി അധികൃതർ വകുപ്പിനെ അറിയിച്ചിട്ടുണ്ട്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .