ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ നാലുവയസ്സുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. പുതുക്കാട് സൂര്യഗ്രാമം പുറത്തൂർ ഹൗസിൽ ജിജോ–വർഷ ദമ്പതികളുടെ മകൾ ഇവാനിക്കാണ് ചികിത്സയ്ക്കിടെ ദുരനുഭവമുണ്ടായതെന്ന് കുടുംബം ആരോപിച്ചു. നിലവിൽ കല്ലമ്പലം കടുവയിൽ പള്ളിക്ക് സമീപമാണ് കുടുംബം വാടകയ്ക്ക് താമസിക്കുന്നത്.
മുഖത്തെ കുരുക്കളുടെ പാടുകൾ മാറുന്നതിനായി ഈ മാസം ഒന്നിനാണ് കുട്ടിയെ ഹോമിയോപ്പതി ആശുപത്രിയിൽ കാണിച്ചത്. തുടർന്ന് ആശുപത്രിയിലെ ഫാർമസിയിൽനിന്ന് ലഭിച്ച മരുന്ന് ഉപയോഗിച്ചശേഷം കുട്ടിയുടെ മുഖത്ത് ശക്തമായ ചൊറിച്ചിൽ അനുഭവപ്പെടുകയും പിന്നീട് ചർമം പൊള്ളലേറ്റതുപോലെ പൊട്ടിയൊലിക്കുന്ന അവസ്ഥയിലാകുകയും ചെയ്തതായി മാതാപിതാക്കൾ പറഞ്ഞു. പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ മാർച്ചിൽ കാലാവധി അവസാനിച്ച മരുന്നാണ് നൽകിയതെന്ന് കണ്ടെത്തിയതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ ആശുപത്രി അധികൃതർ വീഴ്ച സംഭവിച്ചതായി സമ്മതിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ ഉപയോഗത്തിൽനിന്ന് മാറ്റി നശിപ്പിക്കുന്നതിനായി മാറ്റിവച്ചിരുന്നതായും അതിൽനിന്ന് ആരോ അബദ്ധത്തിൽ മരുന്നെടുത്ത് ഫാർമസിയിലെ സ്റ്റാൻഡിൽ വച്ചതാകാമെന്നുമാണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വീഴ്ച വരുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുട്ടിയുടെ കുടുംബം ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകി. ഓൺലൈനായി പരാതി നൽകിയിട്ടും രണ്ടു ദിവസത്തിനകം നടപടിയുണ്ടാകാത്തതിനെ തുടർന്ന് ബന്ധുക്കൾ നേരിട്ട് ഡിഎംഒ ഓഫീസിലെത്തി പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആശുപത്രിയിലെത്തി പരിശോധന ആരംഭിച്ചു.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .