Loading time...
Local

രക്ഷിതാക്കൾ അറിയും മുൻപേ കുഞ്ഞുമായി ട്രെയിൻ പുറപ്പെട്ടു ; നാലുവയസ്സുകാരനെ സുരക്ഷിതമായി തിരിച്ചേൽപിച്ച് റെയിൽവേ ജീവനക്കാർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 1 Oct 2026, 3:34 am
Updated on: 1 Oct 2026, 3:34 am
Share:
Follow Us: YouTube
Feature Image

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മാതാപിതാക്കൾക്കൊപ്പം ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ നാലുവയസ്സുകാരൻ അറിയാതെ ജനശതാബ്ദി എക്സ്പ്രസിൽ കയറിപ്പറ്റി. മാതാപിതാക്കൾ തിരിച്ചറിയും മുൻപേ ട്രെയിൻ സ്റ്റേഷൻ വിട്ടതോടെ നിമിഷങ്ങൾക്കകം കുടുംബം പരിഭ്രാന്തിയിലായി.

 

പാനൂർ സ്വദേശികളായ കുടുംബം തലശ്ശേരിയിലേക്കുള്ള ട്രെയിനായി കോഴിക്കോട് സ്റ്റേഷനിൽ കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പ്ലാറ്റ്ഫോമിൽ ഓടിനടന്ന് കളിക്കുകയായിരുന്നു. അമ്മ മിഠായിക്കടലാസ് കളയുന്നതിനായി സമീപത്തെ വേസ്റ്റ് ബിന്നിനരികിലേക്ക് പോയ സമയത്താണ് കുട്ടി അടുത്ത ട്രാക്കിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ കയറിയത്. പിന്നാലെ ട്രെയിൻ പുറപ്പെടുകയായിരുന്നു.

 

കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കൾ സ്റ്റേഷനിൽ തിരച്ചിൽ നടത്തി. ഇതിനിടെ ട്രെയിനിലെ യാത്രക്കാരിലൊരാൾ വാതിലിനരികിൽ കുട്ടിയെ കണ്ടെത്തി ടിടിഇ എൻ.എം. പ്രതീഷിന്റെ അടുത്തെത്തിച്ചു. കരഞ്ഞുകൊണ്ടിരുന്ന കുഞ്ഞിനെ ജീവനക്കാർ ആശ്വസിപ്പിക്കുകയും വിവരം റെയിൽവേ കൺട്രോളിൽ അറിയിക്കുകയും ചെയ്തു. കോഴിക്കോട് സ്റ്റേഷനിൽ അനൗൺസ്മെന്റും നടത്തി.

 

തുടർന്ന് ട്രെയിൻ തിരൂരിലെത്തിയപ്പോൾ ആർപിഎഫ് സംഘം കുട്ടിയെ ഏറ്റെടുത്തു. പിന്നാലെ കോയമ്പത്തൂർ ഇന്റർസിറ്റി എക്സ്പ്രസിൽ തിരൂരിലെത്തിയ മാതാപിതാക്കൾക്ക് ആർപിഎഫ് സംഘം കുഞ്ഞിനെ സുരക്ഷിതമായി കൈമാറി. റെയിൽവേ ജീവനക്കാരുടെയും ആർപിഎഫിന്റെയും സമയോചിത ഇടപെടലാണ് കുഞ്ഞിനെ സുരക്ഷിതമായി മാതാപിതാക്കളിലേക്ക് തിരിച്ചെത്തിക്കാൻ സഹായിച്ചത്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .