സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ആശങ്കയ്ക്ക് താൽക്കാലിക ആശ്വാസം. അധിക വൈദ്യുതി ലഭ്യമാകുകയും ലഭ്യത മെച്ചപ്പെടുകയും ചെയ്തതോടെ തുടർച്ചയായ മൂന്നാം ദിവസവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായില്ല. വരും ദിവസങ്ങളിലും പ്രതിസന്ധി ഒഴിവാക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ് അധികൃതർ.
മധ്യപ്രദേശിൽനിന്ന് നേരത്തെ ലഭിച്ച 200 മെഗാവാട്ടിന് പുറമെ 300 മെഗാവാട്ട് വൈദ്യുതി കൂടി ലഭിച്ചതോടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ആന്ധ്രാപ്രദേശിൽനിന്നും 150 മുതൽ 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കിയിരുന്നു. പുതിയ വൈദ്യുതി കരാറുകൾക്കായുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും അടുത്ത മാസം മുതൽ വൈദ്യുതിക്ഷാമം തീരെ ഉണ്ടാകില്ലെന്നും കെ.എസ്.ഇ.ബി അറിയിച്ചു.
സെപ്റ്റംബറിൽ സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 95.39 ദശലക്ഷം യൂണിറ്റായിരുന്നു. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5400 മെഗാവാട്ടിലുമെത്തി. കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും വൈദ്യുത വാഹനങ്ങളുടെ ചാർജിങ്ങും പരമാവധി പകൽ സമയത്തേക്ക് മാറ്റണമെന്ന് വൈദ്യുതി വകുപ്പ് നേരത്തെ സർക്കുലറിലൂടെ ആവശ്യപ്പെട്ടിരുന്നു.
രാത്രി ഏഴ് മുതൽ 12 വരെയുള്ള ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ ഉപഭോഗം സ്വമേധയാ കുറയ്ക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെട്ടു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെയുള്ള സമയത്തേക്ക് ഉയർന്ന ലോഡുള്ള ഉപകരണങ്ങളുടെ പ്രവർത്തനം മാറ്റാനും ഉപഭോക്താക്കൾ സഹകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .