വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന പേരിലുള്ള പരസ്യങ്ങള്‍ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്ന് കേരള പോലീസ് കര്‍ശന മുന്നറിയിപ്പ് . ഇത്തരം വാഗ്ദാനങ്ങള്‍ വലിയൊരു ശതമാനവും വ്യാജമാണെന്നും ആളുകളെ കെണിയില്‍ വീഴ്ത്താനുള്ള തട്ടിപ്പുകളാണെന്നും പോലീസ് വ്യക്തമാക്കുന്നു.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് കേരള പോലീസ് ശക്തമായ മുന്നറിയിപ്പ് പൊതു ജങ്ങള്‍ക്ക് നല്‍കുന്നത് . വീട്ടിലിരുന്നു പണം സമ്പാദിക്കാം എന്ന പേരില്‍ വ്യാപകമായി കുറ്റകൃത്യങ്ങള്‍ പെരുകുന്നു . വീഡിയോകള്‍ ലൈക്ക് ചെയ്യുകയോ ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്യുകയോ ചെയ്താല്‍ പണം നല്‍കാമെന്ന് പറഞ്ഞ് തുടങ്ങുന്ന തട്ടിപ്പ്. ആദ്യം ചെറിയ തുകകള്‍ നല്‍കി വിശ്വാസം നേടിയെടുക്കും. പിന്നീട് വലിയ തുകകള്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു . ടെലിഗ്രാം, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സമീപിക്കുന്നു. റേറ്റിംഗ് കൂട്ടുക, റിവ്യൂ എഴുതുക തുടങ്ങിയവയാണ് ജോലികള്‍ . ജോലി നല്‍കുന്നതിന് മുന്‍പായി സെക്യൂരിറ്റി ഡെപ്പോസിറ്റ്, രജിസ്ട്രേഷന്‍ ഫീസ്, മെറ്റീരിയല്‍ ചാര്‍ജ് എന്നീ പേരുകളില്‍ പണം വാങ്ങിയ ശേഷം മുങ്ങുന്ന രീതിയും സജീവമാണ് . വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയിലൂടെ വരുന്ന ഇത്തരം പാര്‍ട്ട് ടൈം ജോലി ലിങ്കുകളില്‍ കയറരുത് എന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട് . ഒരു യഥാര്‍ത്ഥ കമ്പനിയും ജോലി നല്‍കുന്നതിനായി നിങ്ങളില്‍ നിന്ന് മുന്‍കൂറായി പണം ആവശ്യപ്പെടില്ല .ഒടിപി , ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡുകള്‍ എന്നിവ ആരുമായും പങ്കുവെക്കരുത് .ഇത്തരം സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഒട്ടും സമയം കളയാതെ 1930 എന്ന നമ്പറില്‍ വിളിച്ച് വിവരമറിയിക്കണമെന്നും പോലീസ് അറിയിക്കുന്നുണ്ട് .National Cyber Crime Reporting Portal വഴി നിങ്ങള്‍ക്ക് ഓണ്‍ലൈനായും പരാതി രജിസ്റ്റര്‍ ചെയ്യാം. പണം നഷ്ടപ്പെട്ട ഉടന്‍ തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് മരവിപ്പിക്കാന്‍ ആവശ്യപ്പെടുകായും വേണമെന്നും മുന്നറിയിപ്പില്‍ പറയുന്നു .