തിരുവനന്തപുരം പാങ്ങപ്പാറയിൽ 17കാരനായ അഭിരാമിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് കമ്മീഷണർ റിപ്പോർട്ട് സമർപ്പിച്ചത്.
കൊലപാതക ദിവസം രാത്രി 10.52-നാണ് അഭിരാമിനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിച്ചത്. എന്നാൽ പരാതി ലഭിക്കുന്നതിന് മുമ്പുതന്നെ അഭിരാം കൊല്ലപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടിലെ വിശദീകരണം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ബന്ധുക്കളുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്നുരാത്രി തന്നെ കസ്റ്റഡിയിലെടുത്തു. എന്നാൽ പ്രായപൂർത്തിയാകാത്ത ആളായതിനാൽ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണമാണ് ഉമർ എന്ന ഗുണ്ടയിലേക്ക് എത്തിയത്. അഭിരാമിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ പാങ്ങപ്പാറയിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും കൃത്യമായ ലൊക്കേഷൻ കണ്ടെത്താനായില്ല. പ്രതികൾ ഫോൺ ഒളിപ്പിച്ചിരുന്നെങ്കിലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ മണിക്കൂറുകൾക്കകം പ്രതികളിലേക്ക് എത്താൻ പോലീസിന് കഴിഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ അഭിരാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഇനിയും അവസാനിച്ചിട്ടില്ല. അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചില ചാറ്റുകൾ സൈബർസെൽ പരിശോധനയിൽ അപ്രതീക്ഷിതമായി കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു പെൺസുഹൃത്തുമായി അഭിരാം ഇൻസ്റ്റഗ്രാം അക്കൗണ്ട് പങ്കുവെച്ചിരുന്നതായും പരിശോധനയിൽ വ്യക്തമായി. ഈ അക്കൗണ്ടിൽ നിന്നുള്ള സന്ദേശങ്ങൾ ഏത് സാഹചര്യത്തിലാണ് അപ്രത്യക്ഷമായതെന്നാണ് അന്വേഷണസംഘം ഇപ്പോൾ പരിശോധിക്കുന്നത്. പോലീസ് അന്വേഷണത്തിൽ വീഴ്ചയില്ലെന്ന റിപ്പോർട്ട് പുറത്തുവന്നപ്പോഴും, അഭിരാമിന്റെ മരണത്തിന് പിന്നിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്താൻ അന്വേഷണസംഘത്തിന് ഇനിയും സാധിച്ചട്ടില്ല.