ഡ്രൈ ഡേ പിൻവലിക്കാനുള്ള ഏതൊരു നീക്കത്തെയും ശക്തമായി എതിർക്കുമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി. ഉമ്മൻചാണ്ടി, പിണറായി സർക്കാരുകൾക്ക് പോലും നടപ്പാക്കാൻ കഴിയാതിരുന്ന ഡ്രൈ ഡേ പിൻവലിക്കൽ നീക്കം ഇനിയൊരു സർക്കാരിനും സാധ്യമാകില്ലെന്നും അത്തരമൊരു തീരുമാനവുമായി മുന്നോട്ടുപോയാൽ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.
ശമ്പളദിനങ്ങളിൽ ലഭിക്കുന്ന പണം മദ്യത്തിനായി ചെലവഴിക്കുന്നത് തടയുന്നതിനും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ കുറയ്ക്കുന്നതിനുമായാണ് ഡ്രൈ ഡേ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഇത്തരമൊരു സാമൂഹിക ലക്ഷ്യത്തോടെ നടപ്പാക്കിയ നയം ആർക്കുവേണ്ടിയാണ് മാറ്റുന്നതെന്ന് സമിതി ചോദിച്ചു. 'ഗീവ് ആൻഡ് ടേക്ക്' നയത്തിലൂടെ മദ്യവിൽപ്പനയിലൂടെ ചെലവാകുന്ന പണം വീണ്ടും സർക്കാരിന്റെ ഖജനാവിലേക്ക് തിരിച്ചെത്തിക്കാനുള്ള സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണോ ഈ നീക്കമെന്നും അവർ സംശയം പ്രകടിപ്പിച്ചു.
വിനോദസഞ്ചാരത്തിന്റെയും അന്താരാഷ്ട്ര കോൺഫറൻസുകളുടെയും പേരിൽ ഡ്രൈ ഡേ ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും സമിതി വ്യക്തമാക്കി. ടൂറിസം മേഖലയെ വളർത്തുന്നതിന് മദ്യം അനിവാര്യമാണെന്ന നിലപാട് സർക്കാർ സ്വീകരിക്കരുത്. മദ്യവിതരണത്തെ ആശ്രയിച്ചല്ല വിനോദസഞ്ചാര മേഖലയുടെ വികസനം സാധ്യമാക്കേണ്ടതെന്നും സമിതി അഭിപ്രായപ്പെട്ടു.
ഗാന്ധിജയന്തി പോലുള്ള ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിൽ നിലവിലുള്ള ഡ്രൈ ഡേ നിയന്ത്രണങ്ങൾ പോലും ഒഴിവാക്കാൻ സർക്കാർ തയ്യാറാകുമോയെന്നും സമിതി ചോദിച്ചു. സാമൂഹിക ഉത്തരവാദിത്വവും പൊതുജനാരോഗ്യവും മുൻനിർത്തി മദ്യനയത്തിൽ മാറ്റങ്ങൾ വരുത്തരുതെന്നാണ് സംഘടനയുടെ ആവശ്യം.
വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗം ഞായറാഴ്ച രാത്രി ഒൻപതിന് ചേരും. ചെയർമാൻ ബിഷപ് അംബ്രോസ് പുത്തൻവീട്ടിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി കൂടിയായ വക്താവ് പ്രസാദ് കുരുവിളയാണ് യോഗവിവരം അറിയിച്ചത്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .