Loading time...
Global

ദുബായ്–ടെൽ അവീവ് വിമാനം ഹൈജാക്ക് ചെയ്തുവെന്നു സിഗ്നൽ. പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടിയെന്ന് റിപ്പോർട്ട് വിമാനം സൗദിയിൽ സുരക്ഷിതമായി ഇറക്കി.

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 30 Sep 2026, 8:38 am
Updated on: 30 Sep 2026, 8:38 am
Share:
Follow Us: YouTube
Feature Image

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബായ് എഫ്‌സെഡ് 1073 വിമാനത്തിലാണ് ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് . വിമാനം മനഃപൂർവം തകർക്കാനുള്ള ശ്രമം നടന്നിരിക്കാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ സംശയമെന്ന് ഇസ്രയേൽ ചാനൽ 14 റിപ്പോർട്ട് ചെയ്തു.

 

ഏകദേശം 30,000 അടി ഉയരത്തിൽ പറന്നിരുന്ന വിമാനം 15,000 അടിയിലേക്ക് കുത്തനെ താഴേക്ക് പതിച്ചെന്നും വേഗത മണിക്കൂറിൽ മാക് ഒന്ന് വരെ എത്തിയെന്നും റിപ്പോർട്ടുണ്ട്. ഒരു പൈലറ്റ് മനഃപൂർവം വിമാനം താഴേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പ്രാഥമിക സംശയം. എന്നാൽ രണ്ടാമത്തെ പൈലറ്റ് ഇടപെട്ട് നിയന്ത്രണം വീണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.

 

അപ്രതീക്ഷിതമായി അടിയന്തര സിഗ്നൽ ലഭിച്ചതിനെ തുടർന്ന് ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഫ്‌ളൈദുബായ് വിമാനത്തിന് സമീപത്തേക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെയും നേതൃത്വത്തിൽ അടിയന്തര സുരക്ഷാ കൂടിയാലോചനകളും നടന്നു.

 

ഇതിനിടെ വിമാനത്തിനുള്ളിൽ രൂക്ഷമായ സംഘർഷമുണ്ടായെന്നും നിലവിളി കേട്ടതായും കോക്പിറ്റ് തുറന്നപ്പോൾ രക്തം കണ്ടതായും പോക്കറ്റ് കത്തി ഉപയോഗിച്ച് പൈലറ്റിനെ കുത്തിയതായും യാത്രക്കാർ പറഞ്ഞതായും റിപ്പോട്ടിൽ ഉണ്ട്. വിമാനത്തിലെ ജീവനക്കാരും ഇസ്രയേലി യാത്രക്കാരും ചേർന്ന് അക്രമിയെ കീഴടക്കിയെന്നാണ് യാത്രക്കാരിയുടെ മൊഴി. ഏകദേശം 15 മിനിറ്റോളം വിമാനത്തിനുള്ളിൽ ഭീകരാക്രമണത്തിന് സമാനമായ സാഹചര്യമുണ്ടായെന്നും രക്ഷപ്പെടുമോ എന്നുപോലും ഭയന്നെന്നും യാത്രക്കാർ കൂട്ടിച്ചേർത്തു .

 

ഏകദേശം 180 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.  പിന്നീട് വിമാനം അടിയന്തരമായി സൗദിയിൽ ലാൻഡ് ചെയ്തു. എന്നാൽ സംഭവത്തിൽ ആരാണ് പൈലറ്റിനെ കുത്തിയതെന്നും സംഭവത്തിന് പിന്നിൽ ഭീകരാക്രമണ ലക്ഷ്യമുണ്ടായിരുന്നോ എന്നും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .