ടെഹ്‌റാനിൽ വനിതകൾക്കായി പ്രത്യേക സൈനിക പരിശീലനവുമായി ഇറാൻ. റൈഫിൾ കൈകാര്യം ചെയ്യുന്നതിന് പുറമെ സിപ്പ് ലൈൻ നിയന്ത്രണം, പ്രഥമശുശ്രൂഷ തുടങ്ങിയ പരിശീലനങ്ങളും വനിതകൾക്ക് നൽകുന്നതായാണ് റിപ്പോർട്ട്.
‘ജൻ ഫാദ’ അഥവാ ‘ജീവൻ ബലിയർപ്പിക്കുക’ എന്ന പേരിലുള്ള ക്യാംപെയ്നിന്റെ ഭാഗമായാണ് ടെഹ്‌റാനിലെ ഇമാം ഹുസൈൻ സ്‌ക്വയറിൽ വനിതകൾക്കായി പ്രത്യേക പരിശീലന കോഴ്‌സ് സംഘടിപ്പിച്ചത്. ഇത്തരത്തിലുള്ള വനിതകൾക്കായുള്ള ആദ്യ പരിശീലന കോഴ്‌സാണിതെന്നാണ് റിപ്പോർട്ട്.
മുഖം മാത്രം പുറത്തുകാണുന്ന രീതിയിൽ ശരീരം മുഴുവൻ മറയ്ക്കുന്ന കറുത്ത വസ്ത്രം ധരിച്ചാണ് വനിതകൾ പരിശീലനത്തിൽ പങ്കെടുത്തത്. സൈനിക പരിശീലനത്തിനൊപ്പം പ്രഥമശുശ്രൂഷ, ഗറില്ലാ തന്ത്രങ്ങൾ, അതിജീവന രീതികൾ, കഠിന സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പ് എന്നിവയിലും പരിശീലനം തുടരാനാണ് സാധ്യത.
പ്രാദേശിക സംഘർഷം തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ നീക്കം. രാജ്യത്തുടനീളം ആയിരം വൊളന്റിയർ റെസിസ്റ്റൻസ് ബറ്റാലിയനുകൾ സംഘടിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിനിടയിലാണ് വനിതകൾക്കും പരിശീലനം നൽകുന്നത്. പരിശീലനത്തിൽ പങ്കെടുത്തവരിൽ സ്റ്റേറ്റ് ടെലിവിഷൻ അവതാരക മൊബിന നസിരിയും ഉണ്ടായിരുന്നു. ആവശ്യമെങ്കിൽ താനും മറ്റ് സ്ത്രീകളും യുദ്ധത്തിൽ അണിചേരുമെന്ന് അവർ പ്രതികരിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം, ‘ജൻ ഫാദ’ ക്യാംപെയ്ൻ ശത്രുത പ്രോത്സാഹിപ്പിക്കുന്നതല്ലെന്നാണ് ഇറാൻ അധികൃതരുടെ നിലപാട്.
Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .