Loading time...
Local

ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരുടെ ആക്രമണശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 May 2026, 6:21 pm
Updated on: 27 May 2026, 6:21 pm
Share:
Follow Us: YouTube
Feature Image

പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരുടെ ആക്രമണശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന. പ്രദേശം ലക്ഷ്യമാക്കി നീങ്ങിയ 'എം.വി മാഷല്ല 1' എന്ന എണ്ണക്കപ്പലാണ് നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് കൊൽക്കത്ത കൃത്യസമയത്ത് ഇടപെട്ട് രക്ഷപെടുത്തിയത്. ബുധനാഴ്ചയായിരുന്നു നാവികസേനയുടെ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്.

ഏദൻ ഉൾക്കടലിൽ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്ന ഐ.എൻ.എസ് കൊൽക്കത്തയ്ക്ക്, ചരക്കുകപ്പലിന് സമീപം സംശയകരമായ രീതിയിൽ കടൽക്കൊള്ളക്കാരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, കപ്പൽ അതിവേഗം നീങ്ങുകയും കൊള്ളക്കാരുടെ ഭീഷണി നേരിടാൻ സ്രോതസ്സുകൾ വിന്യസിക്കുകയും ചെയ്തു. നാവികസേനയുടെ തക്കസമയത്തുള്ള ഈ ഇടപെടൽ കപ്പൽ കൈയേറാനുള്ള ശ്രമമാണ് ഒഴിവായത്.

ഭീഷണി തിരിച്ചറിഞ്ഞയുടൻ ഐ.എൻ.എസ് കൊൽക്കത്തയുടെ ഡെക്കിൽനിന്ന് നാവികസേനയുടെ ഹെലികോപ്റ്റർ പറന്നുയർന്നു. തുടർന്ന് കമാൻഡോകൾ അടങ്ങുന്ന പ്രത്യേക സംഘം ഹെലികോപ്റ്റർ മാർഗം 'മാഷല്ല 1' കപ്പലിൽ ഇറങ്ങുകയും കപ്പലിന്റെയും അതിലെ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ചരക്കുകപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാനും സമുദ്ര സുരക്ഷ ഉറപ്പാക്കാനും ഇന്ത്യൻ നാവികസേന എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.

2014ൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായ ഐ.എൻ.എസ് കൊൽക്കത്ത പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലാണ്. അത്യാധുനിക ആയുധങ്ങളും സെൻസറുകളും ഘടിപ്പിച്ച ഈ കപ്പലിലാണ് ആദ്യമായി ലോങ് റേഞ്ച് സർഫസ് ടു എയർ മിസൈലുകളും എം.എഫ് സ്റ്റാർ റഡാറുകളും വിന്യസിച്ചത്