പ്രവാസി യാത്രക്കാര്‍ക്കും രാജ്യാന്തര യാത്രികര്‍ക്കും ആശ്വാസകരമായ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം.സെപ്റ്റംബര്‍ 1 മുതല്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ പരിശോധനയുടെ ഭാഗമായി ബോര്‍ഡിംഗ് പാസുകളില്‍ സീല്‍ പതിക്കുന്ന രീതി പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നു.സീല്‍ പതിക്കുമ്പോള്‍ അക്ഷരങ്ങള്‍ വ്യക്തമല്ലാതെ വരുന്നത് വഴി വിവരങ്ങള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ക്യൂവുകളിലെ കാലതാമസവും ഒഴിവാക്കാനാണ് ഈ തീരുമാനം.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ ആണ് ഈ സുപ്രധാന ഉത്തരവിറക്കിയത്. ഇനി മുതല്‍ വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് പേപ്പര്‍ ബോര്‍ഡിംഗ് പാസുകള്‍ക്ക് പകരം തങ്ങളുടെ സ്മാര്‍ട്ട്ഫോണുകളിലുള്ള 'ഇ-ബോര്‍ഡിംഗ് പാസ്' കാണിച്ച് ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം. പേപ്പര്‍ ബോര്‍ഡിംഗ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഇനി അതില്‍ മുദ്ര പതിക്കില്ല. വിമാനത്താവളങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ ഈ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദ്ദേശം എല്ലാ വിമാനത്താവള അധികൃതര്‍ക്കും നല്‍കിയിട്ടുണ്ട്