Loading time...
Entertainment

4300 വർഷം പഴക്കം; കപ്പലിന്റെ ആകൃതിയിലുള്ള ഘടന , നോഹയുടെ പെട്ടകമെന്ന് ഉറപ്പിച്ച് ഗവേഷകർ

Author: Author Logo ന്യൂസ് ഡെസ്ക്
Published on: 27 Sep 2026, 7:19 am
Updated on: 27 Sep 2026, 7:23 am
Share:
Follow Us: YouTube
Feature Image

നോഹയുടെ പെട്ടകമെന്ന് വിശ്വസിക്കപ്പെടുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അവകാശവാദവുമായി ഗവേഷകർ. ഏകദേശം 4300 വർഷം പഴക്കമുള്ളതായി കരുതുന്ന കപ്പലിന്റെ ആകൃതിയിലുള്ള ഘടനയാണ് കണ്ടെത്തിയത്. തുർക്കിയിലെ അരാരത് മലനിരകൾക്ക് സമീപമുള്ള ദുരുപിനാർ പ്രദേശത്താണ് വർഷങ്ങളായി ഇതുസംബന്ധിച്ച ഗവേഷണം നടക്കുന്നത്.

 

ഭൂഗർഭ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ഘടനയ്ക്കുള്ളിൽ അറകളും നീളമേറിയ ഭാഗങ്ങളും കണ്ടെത്തിയതായി ഗവേഷകർ പറയുന്നു. ഘടനയിൽനിന്ന് ജീർണിച്ച മരത്തോട് സാമ്യമുള്ള വസ്തുക്കളുടെ സാമ്പിളുകളും ലഭിച്ചതായാണ് റിപ്പോർട്ട്. ഇവയുടെ പഴക്കവും ഘടനയും സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരികയാണ്.

 

ഏകദേശം മൂന്ന് പതിറ്റാണ്ടായി പ്രദേശത്ത് നോഹയുടെ പെട്ടകത്തിനായുള്ള അന്വേഷണം തുടരുകയാണ്. പുതിയ പഠനത്തിന്റെ ഭാഗമായി ഭൂമിക്കടിയിലുള്ള ഘടന കൂടുതൽ വിശദമായി പരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. കോർ ഡ്രില്ലിങ് ഉൾപ്പെടെയുള്ള പരിശോധനകളിലൂടെ കൂടുതൽ സാമ്പിളുകൾ ശേഖരിക്കാനാണ് ഗവേഷകരുടെ നീക്കം.

 

അതേസമയം, കണ്ടെത്തിയ ഘടന നോഹയുടെ പെട്ടകമാണെന്ന് ഇതുവരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ ഭൂഗർഭശാസ്ത്രപരമായ പ്രത്യേകതകൾ മൂലം സ്വാഭാവികമായി രൂപപ്പെട്ട ഘടനയാകാനുള്ള സാധ്യതയും നേരത്തെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ കൂടുതൽ പരിശോധനകളുടെ ഫലങ്ങൾ നിർണായകമാകും.

 

ബൈബിളിലും ഖുർആനിലും പരാമർശിക്കുന്ന നോഹയുടെ പെട്ടകം മഹാപ്രളയവുമായി ബന്ധപ്പെട്ട വിശ്വാസത്തിന്റെ പ്രധാന ഭാഗമാണ്. ഭൂമിയിൽ തിന്മ വർധിച്ചപ്പോൾ ഉണ്ടായ മഹാപ്രളയത്തിൽനിന്ന് നോഹയെയും കുടുംബത്തെയും വിവിധ ജീവജാലങ്ങളെയും രക്ഷിക്കുന്നതിനായി ദൈവത്തിന്റെ നിർദേശപ്രകാരം പെട്ടകം നിർമിച്ചെന്നാണ് വിശ്വാസം.

 

Note ; വാർത്തയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ബെസോറ ന്യൂസിന്റെത് അല്ല . വാർത്തയുടെ പൂർണതയ്ക്കുവേണ്ടി മറ്റ് സോഴ്‌സുകളിൽ നിന്നും എടുത്തതാണ് .